-->
മലയാളത്തിന്റെ പെരുന്തച്ചനായ തിലകന്റെ മകനായി വെള്ളിത്തിരയിലെത്തി പിന്നീട് ബിഗ്സ്ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ഷമ്മി തിലകന്‍. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര ഷമ്മി തിലകന്‍ എന്നും നല്‍കിയിട്ടുണ്ട്. സഹനായക വേഷങ്ങള്‍ വില്ലന്‍ വേഷങ്ങളടക്കം തന്റെ അഭിനയമികവിലൂടെയും ഗാംഭീര്യമുള്ള ശബ്ദത്തിലൂടെ ഷമ്മി തിലകന്‍ എന്നും അടയാളപ്പെടുത്താറുണ്ട്. മികച്ച ഒരുപാട് താരങ്ങള്‍ക്ക് ശബ്ദവും നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ഷമ്മി മലയാള സിനിമയില്‍ തന്റെ ശക്തമായ സാന്നിധ്യം എന്നുമറിയിക്കാറുണ്ട്.
മുത്തച്ഛന്റെയും അച്ഛന്റെയും പാരമ്പര്യം രക്തത്തിലലിഞ്ഞ ഷമ്മി തിലകന്റെ മകന്‍ അഭിമന്യൂ ഷമ്മി തിലകനും മലയാളസിനിമയിലിന്ന് തിളങ്ങി നില്‍ക്കുന്ന താരമാണ്. ‘മാർക്കോ’യിലെ ഒറ്റ കഥാപാത്രത്തിലൂടെ നടൻ എന്ന നിലയിൽ തന്റെ റേഞ്ച് അടയാളപ്പെടുത്താന്‍ അഭിമന്യുവിന് കഴിഞ്ഞു. . പേരിലെ മേൽവിലാസം വെറും ആലങ്കാരികമല്ലെന്ന് വിളിച്ചറിയിക്കുന്ന പ്രകടനമാണ് താരപുത്രന്‍ ആ സിനിമയില്‍ കാഴ്ചവച്ചത്.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ‘വിലായത്ത് ബുദ്ധ’. ഇതില്‍ സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങളാൽ ഭാസ്കരൻ മാഷായി ഞെട്ടിച്ചിരിക്കുന്നത് ഷമ്മി തിലകനാണ്. വില്ലന്‍ വേഷത്തില്‍ സ്ക്രീനില്‍ നിറഞ്ഞാടുകയാണ് ഷമ്മി തിലകന്‍.
ഇപ്പോഴിതാ തന്റെ മകന്റെ സിനിമയില്‍ വില്ലനായി എത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷമ്മി തിലകന്‍. മറ്റാരുടെ സിനിമയിലും താന്‍ വില്ലനാകാന്‍ തയ്യാറാണെന്നും മകന്‍ നായകനാകുന്ന സിനിമയില്‍ വില്ലനായി എത്താന്‍ തയ്യാറല്ലെന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്. മകന്റെ വില്ലനാകുമോ എന്ന ചോദ്യത്തിനാണ് കാറില്‍ കയറാനൊരുങ്ങുന്ന ഷമ്മി തിലകന്‍ മറുപടി പറയുന്നത്. ‘‘ഇല്ല... ഒരിക്കലുമില്ല. അവന്റെ വില്ലനായിട്ടു വരണമെങ്കില്‍ അതങ്ങ് പരുമലപള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ഇന്നത്തെ ഏതു യുവതാരത്തിന്റെയും വില്ലനായി ഞാന്‍ അഭിനയിക്കാം. ഒരു കുഴപ്പമില്ല. വില്ലനാകുന്നതാണ് എനിക്കേറെയിഷ്ടം. പക്ഷേ ഇവന്റെ വില്ലനായി ഞാന്‍ അഭിനയിക്കില്ല. അതിനു വച്ച വെള്ളമങ്ങ് മാറ്റി വച്ചേക്ക്. അവന്‍ നായകനായി ഷൈന്‍ ചെയ്യുമ്പോള്‍ തന്തയെത്തന്നെ വില്ലനായി കൊണ്ടുവരണോ ? അങ്ങനെ എന്നെ ഇടിച്ചിട്ട് അവന്‍ നായകനാകണ്ട....’’ എന്നാണ് നിറഞ്ഞ ചിരിയോടെ ഷമ്മി തിലകന്‍ പറയുന്നത്. ഇതൊക്കെ കേട്ട് സൂപ്പര്‍ ചിരിയുമായി മകന്‍ അഭിമന്യൂവും കാറിന്റെ മുന്‍ സീറ്റിലിരിക്കുന്നത് വീഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്.