-->
മിനിസ്ക്രീനിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരങ്ങള്‍ അനവധിയാണ്. അക്കൂട്ടത്തില്‍ ഒരുകാലത്ത് തരംഗമായി മാറിയ പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങിനെ കേന്ദ്രീകരിച്ചായിരുന്നു ഓട്ടോഗ്രാഫിന്റെ കഥ. ഈ പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളായിരുന്നു. ആ പരമ്പരയിലൂടെ പ്രേഷകർക്ക് സുപരിചിതയായ താരമാണ് ശ്രീക്കുട്ടി.
വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ശ്രീക്കുട്ടി പങ്കിടാറുണ്ട്. വ്യക്തിപരമായ വിശേഷങ്ങളെല്ലാം താരം വ്ലോഗിലൂടെ ആരോധകരോട് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ . തന്റെ പതിമൂന്നാം വിവാഹ വാർഷിക വിശേഷങ്ങളാണ് പുതിയ വ്ലോഗില്‍ ശ്രീക്കുട്ടി പങ്കുവെയ്ക്കുന്നത്. ക്യാമറമാനായ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന പേരില്‍ ഒരു മകളുമുണ്ട്. ഭർത്താവ് മനോജിനൊപ്പം ക്ഷേത്ര ദർശനം നടത്തിയാണ് ഇരുവരുടെയും വിവാഹ വാർഷിക ആഘോഷങ്ങള്‍ തുടങ്ങിയത്. ക്യാമറയ്ക്ക് മുന്നില്‍ വരാൻ മനോജിന് താല്‍പര്യമില്ലാത്തതുകൊണ്ട് വളരെ കഷ്ടപ്പെട്ടാണ് മനോജിനെ വ്ലോഗില്‍ ഉള്‍പ്പെടുത്തിയതെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. മകള്‍ക്ക് ക്ലാസ്സുകളും ട്യൂഷനുമുള്ളതിനാല്‍ യാത്രാ പ്ലാനുകള്‍ ഒഴിവാക്കി, കറങ്ങി നടന്നാല്‍ മകളുടെ ഭാവിയെ അത് ബാധിക്കുമല്ലോ എന്ന ചിന്തയില്‍ വേണ്ടെന്ന് വെച്ചതായും ശ്രീക്കുട്ടി പറയുന്നുണ്ട്.
‘‘ഞങ്ങളുടെ ജീവിതയാത്ര പതിമൂന്നാം വർഷത്തില്‍ എത്തി നില്‍ക്കുകയാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് കേവലം ഒരു വർഷം മാത്രം മാർക്കിട്ട ആള്‍ക്കാരുണ്ട്. ഡിവോഴ്സാകുമെന്ന് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാനും ഏട്ടനും അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെന്റില്‍ പോകുന്നു, അത്രമാത്രം. എന്റെ ആഗ്രഹങ്ങളെല്ലാം ഏട്ടൻ സാധിച്ചു തരാറുണ്ട്. പക്ഷെ, ഒരു മാസത്തില്‍ 25 ദിവസവും വഴക്കും പിണക്കവും തന്നെയാണ്....’’ ശ്രീക്കുട്ടി പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു പ്രീമിയം റെസ്റ്റോറന്റിലായിരുന്നു വിവാഹ വാർഷികത്തോടനുബന്ധിച്ച ദമ്പതിമാര്‍ ഡിന്നർ ഒരുക്കിയത്. ‘‘എത്ര കാശുണ്ടെങ്കിലും ഞാനൊരു സാധാരണ വ്യക്തിയാണ്. അതുകൊണ്ട് ഇതുപോലുള്ള റെസ്റ്റോറന്റില്‍ നിന്ന് കഴിക്കാൻ ഇഷ്ടമില്ല, എന്നാല്‍ ചില സാഹചര്യങ്ങള്‍ കാരണം ഇവിടെ വരേണ്ടി വന്നതാണ്...’’ ശ്രീക്കുട്ടി വ്ലോഗിലൂടെ പങ്കുവച്ചു. ആരാധകരടക്കം നിരവധി പേരാണ് ആശംസാ കമന്റുകള്‍ കുറിക്കുന്നത്.