-->
കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ശൈത്യകാലം തുടങ്ങിക്കഴിഞ്ഞു. ഈ സമയം കാനഡയില്‍ മീറ്ററുകളോളം ഉയരത്തില്‍ മഞ്ഞ് വീഴും. ഇത് ഇവിടുത്തെ ഗതാഗത സംവിധാനത്തെയും സമ്പദ് വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയുമെല്ലാം സാരമായി ബാധിക്കും. അതിനാല്‍ റോഡുകളിലെയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളുടെയും വഴികളിലെ മഞ്ഞ് നീക്കം ചെയ്യുക എന്നത് അല്‍പം ശ്രമകരമായ കാര്യമാണ്. ഇവിടെ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ഞ് നീക്കം ചെയ്യുന്ന ജീവനക്കാരെയും ഈ സമയത്ത് കൂടുതലായി ആവശ്യമുണ്ട്.
കാനഡയില്‍ മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ ശമ്പളം, ബോണസ്, മറ്റ് നിരവധി ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കുന്നു. തണുപ്പിനെ അതിജീവിക്കാനും പുറത്ത് ജോലി ചെയ്യാനും താത്പര്യമുള്ളവര്‍ക്ക് മികച്ചൊരു വരുമാന മാര്‍ഗമാണിത്.
കാനഡയിലെ ഒന്റാറിയോ, ക്യൂബെക്, ആല്‍ബര്‍ട്ട എന്നിവടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെയാണ് മഞ്ഞ് നീക്കം ചെയ്യുന്നതിന് കൂടുതലായി ആളുകളെ നിയമിക്കുന്നത്. ഹൈവേകള്‍, പ്രധാന റോഡുകള്‍, സ്വകാര്യ ഇടങ്ങള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, വാണിജ്യസ്ഥലങ്ങള്‍ എന്നിവടങ്ങളിലെ മഞ്ഞാണ് പ്രധാനമായും നീക്കം ചെയ്യേണ്ടത്. സ്‌നോ പ്ലോവറുകള്‍, ബ്ലോവറുകള്‍, ട്രാക്ടറുകള്‍, ലോഡറുകള്‍ എന്നിവ ഉല്‍പ്പെടെയുള്ള ഭാരമേറിയ യാത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് സാധാരണയായി മഞ്ഞ് നീക്കം ചെയ്യുന്നത്.
ജോലിയിലെ പരിചയസമ്പത്ത്, പ്രവിശ്യ, കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് സ്‌നോ റിമൂവല്‍ ഓപ്പറേറ്റര്‍മാരുടെ ശമ്പളം നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ ഓരോരുത്തരുടെയും ശമ്പളം വ്യത്യാസപ്പെട്ടിരിക്കും. മഞ്ഞു വീഴ്ച കടുക്കുമ്പോള്‍ ജോലി ചെയ്യുന്ന സമയവും അധികരിക്കും. കൂടാതെ തൊഴിലാളികള്‍ക്ക് ഒന്നര ഇരട്ടിയോ രണ്ട് ഇരട്ടിയോ ഓവര്‍ ടൈം ചെയ്യാനുള്ള അവസരവുമുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍
ഈ ജോലി സീസണല്‍ ആണെങ്കിലും മഞ്ഞ് നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഗണ്യമായ ആനുകൂല്യങ്ങളും ഉണ്ട്.
ഭവന അല്ലെങ്കില്‍ യാത്രാ പിന്തുണ: ചില തൊഴില്‍ ഉടമകള്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യമോ യാത്രാ അലവന്‍സോ നല്‍കുന്നു. പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്.
ആരോഗ്യ ആനുകൂല്യങ്ങള്‍
വലിയ കമ്പനികള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷന്‍സ് പോലെയുള്ള സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
പരിശീലനവും ഉപകരണവും: ജിപിഎസ് സംവിധാനമുള്ള സ്‌നോ പ്ലോവുകള്‍ പോലെയുള്ള നൂതന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നു. ഇത് അവരുടെ കഴിവുകളും തൊഴില്‍ ക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
സംരക്ഷണ ഉപകരണങ്ങള്‍: കഠിനമായ കാലാവസ്ഥയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ജാക്കറ്റുകള്‍, ബൂട്ടുകള്‍, കയ്യുറകള്‍ പോലെയുള്ള ശൈത്യകാല ഉപകരണങ്ങള്‍ സാധാരണയായി നല്‍കാറുണ്ട്.
ജോലിക്കാവശ്യമായ കഴിവുകള്‍
ജോലിക്ക് മികച്ച ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും ശരീരികമായി ഏറെ ബുദ്ധിമുട്ടുള്ളതും കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കേണ്ടിയും വരുന്ന ജോലിയാണിത്.
സാധുവായ െ്രെഡവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. കൊമേഴ്ഷ്യല്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ അഭികാമ്യം.
പ്ലോവുകള്‍, ബ്ലോവറുകള്‍, ലോഡറുകള്‍ തുടങ്ങിയ ഭാരമേറിയ മെഷീനുകള്‍ പ്രവര്‍ത്തിപ്പിച്ച പരിചയം.
ദീര്‍ഘനേരം കൊടുംതണുപ്പത്ത് ജോലി ചെയ്യാനുള്ള മികച്ച ശാരീരിക ക്ഷമത.
രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയില്‍ വേഗത്തില്‍ പ്രതികരിക്കാനുമുള്ള കഴിവ്
ശരിയായ പരിശീലനം, ദൃഢനിശ്ചയും, ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവ ഉണ്ടെങ്കില്‍ ആര്‍ക്കും ഈ ജോലി ഏറ്റെടുക്കാവുന്നതാണ്. ഇതിന് മികച്ച ശമ്പളം ലഭിക്കുന്നതിന് പുറമെ അനുകൂല്യങ്ങളുമുണ്ട്.