-->
കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ ഇറങ്ങിപ്പോയതില്‍ ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും വാക്‌പോര്. ഇസ്രയേലും ഇറാനും തമ്മിലുള്ള ഉടമ്പടിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവകാശപ്പെട്ടപ്പോള്‍ പബ്‌ളിസിറ്റി സ്റ്റണ്ട് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
മാക്രോണിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ ട്രംപ്, മറ്റൊരു കാരണത്താലാണ് താന്‍ ജി 7 ഉച്ചകോടി യോഗം വെട്ടിച്ചുരുക്കിയതെന്നും അതിന് ''വെടിനിര്‍ത്തലുമായി യാതൊരു ബന്ധവുമില്ല'' എന്നും പറഞ്ഞു. അതേസമയം തന്റെ പെട്ടെന്നുള്ള തിരിച്ചുപോക്കിന് പ്രേരിപ്പിച്ച പ്രശ്നം എന്താണെന്ന് ട്രംപ് വ്യക്തമാക്കിയില്ല, എന്നാല്‍ ''സ്റ്റേ ട്യൂണ്‍!'' എന്ന നിഗൂഢമായ കുറിപ്പോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
തന്റെ സന്ദര്‍ശനത്തിന് വെടിനിര്‍ത്തലുമായി ബന്ധമില്ലെന്നും എന്നാല്‍ അതിനെക്കാള്‍ വളരെ വലിയ കാര്യത്തിനാണ് പോയതെന്നും പറഞ്ഞ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാദം തള്ളിക്കളഞ്ഞു. പബ്‌ളിസിറ്റിക്ക് വേണ്ടി ശ്രമിക്കാറുള്ള ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ പറഞ്ഞതല്ല യാഥാര്‍ത്ഥ്യമെന്നും താന്‍ ഡി സി യിലേക്ക് തിരിച്ചുപോയത് ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യത്തിനല്ല എന്ന് സാമൂഹ്യമാധ്യമത്തിലൂടെ പിന്നീട് ട്രംപ് വ്യക്തമാക്കുകയും ചെയ്തു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സമാധാന ഉടമ്പടിയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് മാക്രോണ്‍ പറഞ്ഞു. 'തീര്‍ച്ചയായും കണ്ടുമുട്ടാനും കൈമാറ്റം ചെയ്യാനും ഒരു ഓഫര്‍ ഉണ്ട്. പ്രത്യേകിച്ച് ഒരു വെടിനിര്‍ത്തല്‍ നേടുന്നതിനും തുടര്‍ന്ന് വിശാലമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുമായി ഒരു ഓഫര്‍ നല്‍കിയിട്ടുണ്ട്,' ജി 7 ഉച്ചകോടിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം വെള്ളിയാഴ്ച ഇസ്രായേല്‍ രൂക്ഷമായ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് യുഎസും ഇറാനും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ ഞായറാഴ്ച റദ്ദാക്കി.