-->
ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറിനെതിരേയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പുറമേ സിപിഐഎം സിപിഐ കോണ്‍ഗ്രസ് മുസ്ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
എസ്‌ഐആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക.ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും.
ഹര്‍ജികളില്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു. അതിനിടയില്‍ എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങള്‍ക്കു സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സേവനം തേടിയതില്‍ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനുള്ള അവസരമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു. എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങള്‍ക്ക് ഏലത്തൂര്‍ ഇ.ആര്‍.ഒ. സ്‌കൂള്‍ കുട്ടികളുടെ സേവനം ആവശ്യപ്പെട്ടത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ' ഇ.ആര്‍.ഒയുമായി സംസാരിച്ചു.
അധ്യാപകരുടെ സമ്മതത്തോടെ പഠനത്തിന് തടസമുണ്ടാവാത്ത രീതിയില്‍ സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇ.ആര്‍.ഒ. ഉദ്ദേശിച്ചത്. മറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണമൂലമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ആ വിദ്യാലയത്തില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് (ഇ.എല്‍.സി.) പ്രവര്‍ത്തിക്കുന്നുമുണ്ട്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഇ.എല്‍.സിയുടെ ഭാഗമാണ്. സംവേദനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് മഹത്തായ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായിട്ടാണ് ഈ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്.
എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങളില്‍ ബി.എല്‍.ഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ വോളണ്ടിയര്‍മാരുടെ പിന്തുണ തേടുന്നുണ്ട്. പങ്കാളിത്തം പൂര്‍ണമായും സ്വമേധയാ ഉള്ളതാണ്. നിര്‍ബന്ധിതമല്ല. ഇ.എല്‍. സ്, എന്‍.എസ്.എസ്. അംഗങ്ങള്‍, സിവില്‍ സര്‍വീസിനു ശ്രമിക്കുന്നവര്‍ തുടങ്ങി നിരവധി വിദ്യാര്‍ഥികര്‍ സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്.