Friday, March 13, 2026 Last Updated 24 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 22 Nov 2025 11.32 AM

കൊമ്പുകളോട് കൂടിയ വിചിത്ര രൂപം: കൗതുകമായി ' മെഗാകൈല്‍ ലൂസിഫര്‍'

honeybee, discovery, lucifer

ഗവേഷകരെ അമ്പരപ്പിച്ച് കൊമ്പുകളുള്ള തേനീച്ച. പശ്ചിമ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്ഫീല്‍ഡ്‌സ് മേഖലയിലെ ബ്രെമര്‍ റേഞ്ചസില്‍ മാത്രം വളരുന്ന ഒരപൂര്‍വയിനം കാട്ടുപൂവിനെ നിരീക്ഷിക്കുന്നതിനിടെയാണ് ഗവേഷകര്‍ 'മെഗാകൈല്‍ ലൂസിഫര്‍' എന്ന് പേരിട്ട ഈ തേനീച്ചയെ കണ്ടെത്തിയത്. പെര്‍ത്തില്‍ നിന്ന് ഏകദേശം 470 കിലോമീറ്റര്‍ കിഴക്കായാണ് ഈ പ്രദേശം.

കൊമ്പുകളോട് കൂടിയ വിചിത്ര രൂപമാണ് ഈ പെണ്‍തേനീച്ചയെ വ്യത്യസ്തമാക്കുന്നത്. കൊമ്പുകള്‍ അതിന്റെ പ്രതിരോധ സംവിധാനമായോ, പൂമ്പൊടി ശേഖരിക്കാനോ, കൂടുണ്ടാക്കാന്‍ റെസിന്‍ പോലുള്ള വസ്തുക്കള്‍ ശേഖരിക്കാനോ ഉപയോഗിക്കുന്നതാകാമെന്ന് ഗവേഷകര്‍ പറയുന്നു. നെറ്റ്ഫ്‌ലിക്‌സ് ഷോയായ 'ലൂസിഫര്‍' ആണ് തേനീച്ചയ്ക്ക് ഈ പേര് നല്കാന്‍ പ്രചോദനമായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞയായ ഡോ.കിറ്റ് പ്രെന്‍ഡര്‍ഗാസ്റ്റ് പറഞ്ഞു. ലത്തീന്‍ ഭാഷയില്‍ 'പ്രകാശം കൊണ്ടുവരുന്നവന്‍' എന്നാണ് ലൂസിഫര്‍ എന്ന വാക്കിന് അര്‍ഥം.

തദ്ദേശീയ തേനീച്ചകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയിലേക്കും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പരാഗണത്തെക്കുറിച്ചുള്ള അവബോധത്തിലേക്കും വെളിച്ചം വീശുക എന്ന ലക്ഷ്യവും ഈ പേരിന് പിന്നിലുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വംശനാശഭീഷണി നേരിടുന്ന കാട്ടുപൂവും ഈ പുതിയ തേനീച്ചകളും ഒരേ ചെറിയ പ്രദേശത്താണ് കാണപ്പെടുന്നത്. അതിനാല്‍ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും കാരണം ഇവ രണ്ടും അപകടത്തിലാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മിക്ക ഖനന കമ്പനികളും അവരുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുമ്പോള്‍ തദ്ദേശീയ തേനീച്ചകളെ ഉള്‍പ്പെടുത്തുന്നില്ല. ഏത് തദ്ദേശീയ തേനീച്ചകളാണ് നിലവിലുള്ളതെന്നും അവ ഏത് സസ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്നും തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ രണ്ടിനെയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.പുതിയ തേനീച്ചകളെയും അപൂര്‍വ കാട്ടുപൂക്കളെയും കണ്ടെത്തിയ പ്രദേശത്തെ സംരക്ഷണ ഭൂമിയായി പ്രഖ്യാപിക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഈ തേനീച്ച ഗ്രൂപ്പില്‍ കണ്ടെത്തിയ ആദ്യത്തെ പുതിയ അംഗമാണ് 'മെഗാകൈല്‍ ലൂസിഫര്‍'. ജേണല്‍ ഓഫ് ഹൈമെനോപ്‌റ്റെറ റിസര്‍ച്ചില്‍ ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Ads by Google
Saturday 22 Nov 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW