-->
ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. അന്നേ ദിവസം വ്യത്യസ്തവും മനോഹരവുമാക്കാന്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കാറുണ്ട്. എന്നാല്‍ കാലം മാറിയതോടെ വ്യത്യസ്തതകൊണ്ടുവന്ന് എങ്ങനെ വൈറലാകാമെന്നാണ് പലരും ആലോചിക്കുന്നത്. ഏതായാലും അത്തരത്തില്‍ വൈറലായ ഒരു വിവാഹ എന്‍ട്രി വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിഷ്വല്‍ എഫക്റ്റിന് വേണ്ടി വിവാഹ പാര്‍ട്ടിയൊരുക്കിയ ഒരു എന്‍ട്രി, കാഴ്ചക്കാരില്‍ സൃഷ്ടിച്ച സംശയമാണ് വീഡിയോയെ വൈറലാക്കിയത്. എവിടെ എപ്പോള്‍ നടന്ന വിവാഹമാണെന്ന് വീഡിയോയില്‍ വ്യക്തമല്ല.
വധുവും വരനും വിവാഹ വേദിയിലേക്ക് കയറുന്ന ഭാഗത്തൊരുക്കിയ ഒരു അലങ്കാരം പെട്ടെന്നുള്ള കാഴ്ചയില്‍ കാഴ്ചക്കാര്‍ക്ക് സൃഷ്ടിച്ച അമ്പരപ്പില്‍ നിന്നാണ് വീഡിയോ വൈറലായത്. വരനും വധുവും വിവാഹ വേദിയിലേക്ക് കയറാന്‍ നില്‍ക്കുന്നതിന് മുമ്പിലായി വെളുത്ത തുണിയില്‍ പൊതിഞ്ഞ ചില രൂപങ്ങള്‍ മുന്നില്‍ കിടക്കുന്നത് കാണാം. ഇത് മൃതദേഹം പൊതിഞ്ഞ് വയ്ക്കുന്ന രൂപത്തിന് സമാനമാണ്. വിവാഹ മണ്ഡപത്തിന് സമീപം വരനും വധുവിനും സമീപം ഇതുപോലൊരു കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ജിജ്ഞാസ ഉണര്‍ത്തി. അവര്‍ അടുത്ത ദൃശ്യത്തിനായി കാത്തിരുന്നു. പിന്നാലെ മുന്നില്‍ ചുരുട്ടി വച്ചിരിക്കുന്ന വെളുത്ത പൊതികളില്‍ വായു നിറയാന്‍ തുടങ്ങുകയും അത് ആനക്കൊമ്പിന്റെ രൂപത്തില്‍ വരനും വധുവിനും കടന്ന് വരാനുളള കമാനമൊരുക്കി.
എഴുപത് ലക്ഷത്തിലേറെ പേര്‍ കണ്ട വീഡിയോയില്‍ ഒരു വാചകം എഴുതി ചേര്‍ത്തിരിക്കുന്നു.'അതെ, ഞാന്‍ വിചാരിച്ചു. നിങ്ങള്‍ വിചാരിച്ചു. ഞങ്ങള്‍ വിചാരിച്ചു.' അതെ, സ്‌ക്രോള്‍ ചെയ്ത് വിടുന്നതിനിടെ പെട്ടെന്ന് ഇതുപോലൊരു വീഡിയോ മുന്നില്‍ വന്നാല്‍ തീര്‍ച്ചയായും, ഞങ്ങള്‍ അത് സങ്കല്‍പ്പിക്കുമെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ആദ്യം ഭയന്നെന്നും എന്നാല്‍ അവസാനമെത്തിയപ്പോള്‍ ചിരിച്ച് പോയെന്നും മറ്റ് ചിലരെഴുതി.