-->
സാന്‍സീറോ: നോര്‍വേയോട് വന്‍ മാര്‍ജ്ജിനില്‍ തോറ്റ് ഇത്തവണയും ഇറ്റലിയുടെ ലോകകപ്പ് യോഗ്യത തുലാസില്‍. സാന്‍സീറോയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് നോര്‍വേ ഇറ്റലിയെ തകര്‍ത്തത്. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം ഇറ്റലി ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സൂപ്പര്‍താരം എര്‍ലിംഗ് ഹാളണ്ട് ഇരട്ടഗോള്‍ നേടി. കഴിഞ്ഞ രണ്ടു തവണയും പ്‌ളേ ഓഫ് കളിച്ച് പുറത്തുപോയ ഇറ്റലി മൂന്നാം തവണയാണ് സമാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.
കളി ജയിച്ചാലും ഇറ്റലിക്ക് നോര്‍വേയുമായി പോയിന്റ പങ്കുവെയ്ക്കുന്ന സാഹചര്യമേ ഉണ്ടാകുമായിരുന്നുള്ളു. അങ്ങിനെ വന്നാല്‍ ഗോള്‍ ശരാശരിയില്‍ നോര്‍വേയെ മറികടക്കാന്‍ ഇറ്റലിക്ക് 9-0 ന്റെ വിജയമായിരുന്നു വേണ്ടിയിരുന്നത്. നേരത്തേ ഇരു ടീമുകളും തമ്മില്‍ ഓസ്‌ളോയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇറ്റലി 3-0 ന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പതിനൊന്നാം മിനിറ്റില്‍ എസ്‌പോസിറ്റോയുടെ ഗോളില്‍ ഇറ്റലി മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ അന്റോണിയോ നൂസാ നേടിയ ഗോളില്‍ നോര്‍വേ സമനില പിടിച്ചു.
78,79 മിനിറ്റുകളില്‍ ഹാളണ്ടിന്റെ ഗോളുകള്‍ വന്നു. ജോര്‍ഗന്‍ സ്ട്രാന്റ് ലാര്‍സണ്‍ ഇറ്റലിയുടെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു. നാലുതവണ ലോകചാംപ്യന്മാരായിട്ടുള്ള ഇറ്റലിക്ക് കഴിഞ്ഞ റഷ്യയിലും ഖത്തറിലുമായി കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും കളിക്കാന്‍ അവസരം കിട്ടിയില്ല. 2018-ല്‍ റഷ്യന്‍ ലോകകപ്പില്‍ സ്വീഡനോടും 2022-ല്‍ ഖത്തറില്‍ നോര്‍ത്ത് മാസിഡോണിയയോടും തോറ്റതിന് ശേഷം ലോകകപ്പിന് യോഗ്യത നേടുന്നതില്‍ ഇറ്റലി പരാജയപ്പെട്ടിരുന്നു. ജൂണില്‍ മുഖ്യ പരിശീലകനായതിനു ശേഷമുള്ള ഗാട്ടുസോയുടെ ആദ്യ തോല്‍വിയാണിത്.
ഗട്ടൂസോയ്ക്ക് കീഴില്‍ ഇറ്റലി തുടര്‍ച്ചയായി അഞ്ചുകളികളിലാണ് ജയം നേടിയത്. ലോകകപ്പ് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ പ്ലേ ഓഫിലൂടെ മറ്റൊരു വെല്ലുവിളി നിറഞ്ഞ പാതയാണ് ഇത്തവണയും ഇറ്റലിക്ക് മുന്നിലുള്ളത്.