-->
ചില തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ പ്രീമിയം CB1000 ഹോര്‍നെറ്റ് SP മോഡല്‍ സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI). പ്രീമീയം ബൈക്കിന്റെ തെരഞ്ഞെടുത്ത യൂണിറ്റുകളെയാണ് ബ്രാന്‍ഡ് സര്‍വീസ് സെന്ററില്‍ എത്തിക്കാന്‍ പറഞ്ഞിരിക്കുന്നത്. 2025-ല്‍ നിര്‍മിച്ച മോട്ടോര്‍സൈക്കിളുകളെയാണ് തിരിച്ചുവിളിക്കല്‍ ബാധിക്കപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
B1000 ഹോര്‍നെറ്റ് SP ബൈക്കിന്റെ എക്സ്ഹോസ്റ്റ് സിസ്റ്റത്തില്‍ നിന്നുള്ള അമിതമായ ഹീറ്റ് കാരണം പെയിന്റഡ് സീറ്റ് സര്‍ഫസിനെ തകരാറിലാക്കുമെന്നാണ് ഹോണ്ടയുടെ പറയുന്നത്. ഇത് പരോക്ഷമായി ഗിയര്‍ ചേഞ്ച് പെഡല്‍ പിവറ്റ് ബോള്‍ട്ട് കാലക്രമേണ അയയാനും ഊരിപ്പോവാനും കാരണമാകും. അങ്ങനെ സംഭവിച്ചാല്‍, റൈഡര്‍മാര്‍ക്ക് ഗിയര്‍ മാറ്റാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രത്യേകിച്ച് അതിവേഗത്തിലോ മറ്റോ സഞ്ചരിക്കുമ്പോള്‍ ഇതൊരു സുരക്ഷാ പ്രശ്നമായി മാറുകയും ചെയ്തേക്കാം. മുന്‍കരുതല്‍ എന്ന നിലയില്‍ മോട്ടോര്‍സൈക്കിളിന്റെ വാറണ്ടി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഹോണ്ട തകരാറിലായ ഭാഗങ്ങള്‍ സൗജന്യമായി പരിശോധിച്ച് മാറ്റി നല്‍കും. 2026 ജനുവരി മുതല്‍ ഇന്ത്യയിലുടനീളമുള്ള ഹോണ്ട ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും തിരിച്ചു വിളിക്കല്‍ പ്രവര്‍ത്തനം നടത്തുക.
ഹോണ്ടയും അതിന്റെ ബിഗ്വിംഗ് ഡീലര്‍മാരും ഇന്ന് മുതല്‍ ഉപഭോക്താക്കളെ കോള്‍, ഇമെയില്‍, എസ്എംഎസ് വഴി ബന്ധപ്പെടും. കൂടാതെ ഉടമകള്‍ക്ക് ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവരുടെ VIN (Vehicle Identification Number) പരിശോധിക്കാനും കഴിയും. ഡീലര്‍ഷിപ്പുകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉപഭോക്താക്കളെ അവരുടെ സര്‍വീസ് അപ്പോയിന്റ്‌മെന്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഹോണ്ട നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലാണ് CB1000 ഹോര്‍നെറ്റ് SP ഇന്ത്യയില്‍ പുറത്തിറക്കുന്നത്.
12.36 ലക്ഷം രൂപയാണ് ഈ പ്രീമിയം നേക്കഡ് ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. 155 bhp കരുത്തില്‍ പരമാവധി 107 Nm torque വരെ ഉത്പാദിപ്പിക്കുന്ന 999 സിസി ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക്-ഷിഫ്റ്റര്‍ എന്നിവയുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ എന്നിവയും CB1000 ഹോര്‍നെറ്റ് SP പതിപ്പിന്റെ പ്രത്യേകതകളാണ്.