-->
പാറ്റ്‌ന: ഇന്ത്യ ആകാംഷയോടെ കാത്തിരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയത് എന്‍ഡിഎ സഖ്യം. 162 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന അവരുടെ ജെഡിയു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ബിജെപി രണ്ടാം സ്ഥാനത്തും മഹാഗദ്ബന്ധന്‍ സഖ്യത്തിലെ ആര്‍ജെഡി മൂന്നാം സ്ഥാനത്തും എത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ നില ദയനീയമായി.
ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന കോണ്‍ഗ്രസ് പ്രചരണത്തെ അസ്ഥാനത്താക്കി 76 സീറ്റുകളിലാണ് നിതീഷ്‌കുമാറിന്റെ ജെഡിയു ഒന്നാമതെത്തിയത്. ബിജെപി 69 സീറ്റുകളില്‍ മുന്നില്‍ വന്നപ്പോള്‍ ആര്‍ജെഡി 59 സീറ്റുകളിലും മുന്നിലുണ്ട്. ദയനീയ സ്ഥിതിയിലായ കോണ്‍ഗ്രസിന് ലീഡ് നിലനിര്‍ത്താനായത് 15 സീറ്റുകളിലാണ്. രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ടുചോരി വിവാദമൊന്നും തെരഞ്ഞെടുപ്പില്‍ ഏറ്റില്ല. ആര്‍ജെഡി ഉയര്‍ത്തിക്കാട്ടിയ തൊഴിലില്ലായ്മയൊന്നും ജനം ഏറ്റെടുത്തില്ല എന്ന സൂചനയാണ് ഫലം പുറത്തുവരുമ്പോള്‍ കാണുന്നത്.
സിപിഐ യും സിപിഐഎം എല്ലും ഓരോ സീറ്റുകളിലും മുന്നിലുണ്ട്. ചിരാഗ് പസ്വാന്റെ എല്‍ജെപി 12 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നാലു സീറ്റുകളിലും ലീഡ് ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ തിരിച്ചടിയായിട്ടുണ്ട്. നേരത്തേ അവര്‍ മൂന്ന് സീറ്റുകളില്‍ മുന്നിട്ടു നിന്നിരുന്നു.