-->
പിറന്നാള്‍ ദിനം ആഘോഷകരമാക്കാത്തതായി അധികമാരും ഉണ്ടാകില്ല. ഈ സമയത്ത് നമ്മുക്ക് നല്ലൊരു സര്‍പ്രൈസ് നല്‍കാന്‍ നമ്മുടെ ബന്ധുമിത്രാധികള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെയൊരു ദിവസം അവിസ്മരണീയമക്കിയതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുംബൈ സ്വദേശിയായ ഒരു യുവാവ് തന്റെ കാമുകിയുടെ ജന്മദിനം അവിസ്മരണീയമാക്കാന്‍ നടത്തിയ ശ്രമമാണ് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.
കാമുകിയുടെ ജന്മദിനം ആഘോഷിക്കാന്‍ സുഹൃത്തിന്റെ സഹായത്തോടെ രസകരവും ബുദ്ധിപരവുമായ ഒരു മാര്‍ഗം കണ്ടെത്തിയതായിരുന്നു അദ്ദേഹം. ഒരു ഇന്‍സ്റ്റാമാര്‍ട്ട് ഡെലിവറി ഏജന്റുമായി ചേര്‍ന്ന് അദ്ദേഹം തന്റെ വസ്ത്രം മാറി. പിന്നീട് ഡെലിവറി ഏജന്റ് എന്ന വ്യാജേന കാമുകി കുടുംബവുമായി ഒന്നിച്ച് താമസിക്കുന്ന ഫ്‌ലാറ്റിലെത്തി. ഡെലിവറി വാങ്ങാനെന്ന വ്യാജേന ഫ്‌ലാറ്റില്‍ നിന്നും പുറത്തിറങ്ങിയ കാമുകിയോടൊപ്പം യുവാവ് കേക്ക് മുറിച്ചു. എല്ലാറ്റിനും ഒപ്പം നിന്ന സുഹൃത്ത് ദൃശ്യങ്ങളെല്ലാം മൊബൈലില്‍ ചിത്രീകരിച്ച് സംഭവം കളറാക്കി. വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി 18 ലക്ഷം പേരാണ് കണ്ടത്.
നിരവധി പേര്‍ യുവാവിനെയും സുഹൃത്തിനെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരം കുസൃതികളൊന്നുമില്ലെങ്കില്‍ ജീവിതത്തിന് മറ്റെന്ത് രസമാണ് ഉള്ളതെന്നായിരുന്നു ചിലരുടെ വാദം. മറ്റ് ചിലര്‍ ഇത്തരം സുഹൃത്തുക്കളെ തങ്ങള്‍ക്ക് കിട്ടിയില്ലല്ലോയെന്ന് പരിതപിച്ചു. അതേസമയം രൂക്ഷമായ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. വീഡിയോ അപ്പ് ചെയ്തതിന് ശേഷം കാമുകിയുടെ വീട്ടില്‍ എന്ത് സംഭവിച്ചെന്നായിരുന്നു ചിലരുടെ 'കരുതല്‍'.'അവളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെന്ന് സങ്കല്‍പ്പിക്കുക.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'അയല്‍ക്കാര്‍ വന്നേക്കുമെന്ന് അവള്‍ ഭയക്കുന്നു, പക്ഷേ ഈ റീല്‍ അവര്‍ കാണുമെന്ന് അവള്‍ക്ക് ഭയമില്ല' എന്നായിരുന്നു മറ്റൊരു കുറിപ്പ്.