-->
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 160 റണ്‍സിന് അവസാനിപ്പിച്ച കേരളത്തിന് മികച്ച തുടക്കം. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. 58 പന്തില്‍ 59 റണ്‍സുമായി രോഹന്‍ കുന്നുമ്മലും രണ്ട് റണ്‍സോടെ അഹമ്മദ് ഇമ്രാനും ക്രീസില്‍. 18 റണ്‍സെടുത്ത എ കെ ആകര്‍ഷിന്‍റെയും ഒരു റണ്ണെടുത്ത സച്ചിന്‍ ബേബിയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
രോഹന്‍ കുന്നുമ്മലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ആകര്‍ഷ് പുറത്തായത്. മുന്‍ നായകന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് പിന്നാലെ കേരളത്തിന് നഷ്ടമായി. എട്ട് വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 78 റണ്‍സ് കൂടി വേണം. ആദ്യ മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോല്‍വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.
അതേസമയം സൗരാഷ്ട്രക്കെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച ബൗളിങ് തുടക്കം. എം ഡി നിധീഷിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ലഞ്ചിന് പിരിയുമ്പോൾ 28 ഓവർ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. സൗരാഷ്ട്രക്ക് വേണ്ടി ജയ് ഗോഹിൽ 63 റൺസുമായി ക്രീസിലുണ്ട്.
കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിൻ്റാണുള്ളത്.