-->
ലോകത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടപാനീയമാണ് ചായ. എത്ര നന്നായി ചായ തയ്യാറാക്കാന്‍ പറ്റുന്നുവോ അത്രയും മികച്ചതാക്കി മാറ്റാനായി ആളുകള്‍ ശ്രമിക്കാറുണ്ട്. മസാല ചായ, ജിഞ്ചര്‍ ടീ, ബ്ലാക്ക് ടീ, ലെമണ്‍ ടീ തുടങ്ങി പലവിധത്തിലുള്ള ചായകളുമുണ്ട്. എന്നാല്‍, ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു വെറൈറ്റി ചായയാണ്. ഈ ചായ തയ്യാറാക്കിയിരിക്കുന്നത് യമന്‍ അഗര്‍വാള്‍ എന്ന ഫുഡ് ക്രിയേറ്ററാണ്. വിചിത്രമായ പാചകപരീക്ഷണങ്ങളുടെ പേരില്‍ അറിയപ്പെടുന്നയാള്‍ കൂടിയാണ് അഗര്‍വാള്‍. എന്നാല്‍, ഇത്തവണ ആളുണ്ടാക്കിയിരിക്കുന്നത് കുക്കര്‍ചായയാണ്.
സംഭവം കണ്ടതോടെ യമന്‍ അഗര്‍വാളിന്റെ കുക്കര്‍ ചായ ആളുകളെ അമ്പരപ്പിച്ചു. 'കുക്കറില്‍ ചായ ഉണ്ടാക്കിയപ്പോള്‍ അതിശയകരമായി മാറി, നിങ്ങളും ഇത് പരീക്ഷിച്ചു നോക്കണം' എന്നും പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാധാരണ തിളപ്പിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നന്നായി രുചി കിട്ടാന്‍ പ്രഷര്‍ കുക്കറില്‍ ചായ തയ്യാറാക്കുമ്പോള്‍ സാധിക്കുന്നു എന്നാണ് യമന്‍ അഗര്‍വാള്‍ പറയുന്നത്. ആവശ്യമായ അളവില്‍ വെള്ളം, അല്പം ഇഞ്ചി പൊടിച്ചത്, തേയില, പഞ്ചസാര, പാല്‍ എന്നിവയെല്ലാം ഒരേസമയം പ്രഷര്‍ കുക്കറില്‍ ചേര്‍ക്കുകയാണ് ഷെഫ് ചെയ്തത്.
പ്രഷര്‍ കുക്കറില്‍ വയ്ക്കുന്നതിന് മുമ്പ് ചായ തിളപ്പിക്കേണ്ടതില്ല എന്നും അഗര്‍വാള്‍ പറയുന്നു. പകരം നേരിട്ട് വച്ചാല്‍ മതി. തീ മീഡിയത്തിലായിട്ടാണ് വച്ചത്. രണ്ട് വിസിലില്‍ കൂടുതല്‍ വയ്ക്കരുത്. ആവി മുഴുവനായും പോയശേഷം മാത്രമേ കുക്കര്‍ തുറക്കാവൂ എന്നും ഷെഫ് പറയുന്നു. 'ഈ റെസിപ്പി ഒരു തവണ പരീക്ഷിച്ചാല്‍ എക്കാലവും നിങ്ങള്‍ നിങ്ങളുടെയീ സഹോദരനെ ഓര്‍ക്കും' എന്നുകൂടി യമന്‍ അഗര്‍വാള്‍ പറയുന്നു. എന്തായാലും കുക്കര്‍ ചായയ്ക്ക് അനേകങ്ങളാണ് കമന്റുകളുമായി വന്നത്. എന്തായാലും സംഗതി കൊള്ളാം. പക്ഷേ ഒരു ചായയുണ്ടാക്കിയതിന് കുക്കര്‍ കഴുകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാവും എന്നായിരുന്നു ഒരു രസികന്‍ കമന്റ്.