-->
പ്രകൃതി ഒരുക്കുന്ന ചില അത്ഭുത കാഴ്ചകളും പ്രതിഭാസങ്ങളുമെല്ലാം മനുഷ്യനില്‍ വളരെയധികം കൗതുകം സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ അങ്ങ് സഹാറ മരുഭൂമിയിലെ ആഴമേറിയ ഒരഗ്‌നിപര്‍വത ഗര്‍ത്തത്തില്‍ തെളിഞ്ഞ ഒരു തലയോട്ടിയോട് സാദൃശ്യം ഉണര്‍ത്തുന്ന രൂപമാണ് ആളുകളെ ഇപ്പോള്‍ ആശ്ചര്യപ്പെടുത്തുന്നത്. പ്രകൃതി ഒരുക്കിയ വിചിത്ര രൂപം ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ വെളുത്ത മുഖം പോലെ തെളിഞ്ഞു നില്‍ക്കുന്നത് കാണാം.
എന്നാല്‍ ഈ ഭീതിയുണര്‍ത്തുന്ന കാഴ്ച നമ്മുടെ കണ്ണിന്റെ ഒരു ഗിമ്മിക്കാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിര്‍ജീവ വസ്തുക്കളില്‍ മനുഷ്യന്‍ മുഖങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ ന്യൂറോളജിക്കല്‍ പ്രതിഭാസത്തെ 'പരേയ്‌ഡോലിയ' എന്നാണ് പറയുന്നത്. വടക്കന്‍ ആഫ്രിക്കയിലെ ചാഡില്‍ സ്ഥിതി ചെയ്യുന്ന 'ടൂര്‍ ഓ നാട്രോണ്‍' എന്ന അഗ്‌നിപര്‍വതത്തിലാണ് ഈ വിചിത്ര രൂപം കണ്ടെത്തിയത്.
അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായ ഈ ഗര്‍ത്തതിന് 1,000 മീറ്റര്‍ വരെ ആഴമുണ്ട്. ഇതില്‍ കാണുന്ന വെളുത്ത മുഖം പോലെ തോന്നുന്നത് സോഡാ തടാകമാണ്. നീരാവി പുറത്തുവിടുന്ന വെന്റുകളില്‍ നിന്നും ചൂടുനീരുറവകളില്‍ നിന്നും രൂപം കൊള്ളുന്ന നാട്രോണ്‍ എന്ന ഉപ്പ് മിശ്രിതത്തിന്റെ പുറന്തോടുകള്‍ ആണ് ഈ വെളുത്ത നിറത്തിന് കാരണം. ഈ ഭീകര മുഖത്തിന്റെ തള്ളിനില്‍ക്കുന്ന കണ്ണുകളും മൂക്കും രൂപപ്പെടാന്‍ കാരണം അഗ്‌നിപര്‍വത വെന്റുകള്‍ക്ക് ചുറ്റും രൂപപ്പെട്ട കോണാകൃതിയിലുള്ള കുന്നുകളാണ്.