-->
ക്വീന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 18.2 ഓവറില്‍ 119ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നര്‍മാരാണ് ഓസിസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. 46 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ടോപ് സ്കോററായത്. ശിവം ദുബെ 22 റൺസ് നേടി. അവസാന ഓവറുകളിൽ അഞ്ഞടിച്ച അക്സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലീസ്, ആദം സാംബ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മാത്യൂ ഷോർട്ടും മിച്ചൽ മാർഷും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 24 പന്തിൽ 30 റൺസാണ് ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെ സംഭാവന. 19 പന്തിൽ 25 റൺസെടുത്ത് മാത്യൂ ഷോർട്ട് പുറത്തായി. പിന്നീട് വന്നവർക്കാർക്കും മികച്ച സ്കോറിലേക്കുയരാൻ കഴിയാതിരുന്നത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.