-->
പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിന് ജീവര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഇല്ലാത്തപക്ഷം അജിന്റെ സ്വത്തില്‍ നിന്ന് ഈടാക്കണമെന്നും വിധിയില്‍ പറയുന്നു.
2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹപാഠിയായിരുന്ന കവിത പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അജിനെ പ്രകോപിച്ചത്. ഇതേതുടര്‍ന്ന് അജിന്‍ കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അയിരൂരിന് സമീപം ചിലങ്ക ജംഗ്ഷനിൽവെച്ചായിരുന്നു സംഭവം നടന്നത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായികുന്നു. നാട്ടുകാരാണ് തീയണച്ചശേഷം കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കവിതയ്ക്ക് അറുപത് ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ മാർച്ച് പതിനേഴിന് കവിത മരിച്ചു. കവിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജിന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കവിതയുടെ മരണമൊഴി കേസിൽ നിർണായകമായിരുന്നു.