-->
കെന്റക്കി: ടേക്ക് ഓഫിനിടെ അമേരിക്കയിലെ വ്യവസായ മേഖലയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കെന്റക്കിയില്‍ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുണ്ടായ സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികസമയം വൈകിട്ട് അഞ്ചേകാലോടെയാണ് വിമാനം തകര്‍ന്നുള്ള അപകടമുണ്ടായത്.
വിമാനത്തില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നതായും രണ്ടു ലക്ഷത്തി എണ്‍പതിനായിരം ഗാലണ്‍ ഇന്ധനമുണ്ടായിരുന്നതായുമാണ് വിവരം. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. ഏറെ പഴക്കമുള്ള വിമാനമായിരുന്നു ഇതെന്നും റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ തീപിടിച്ചിരുന്നതായും വിവരമുണ്ട്. ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീണു. അപകടം നടന്ന വ്യവസായ മേഖലയില്‍ ഉണ്ടായിരുന്നവര്‍് ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.
യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയില്‍ 1991ല്‍ പുറത്തിറക്കിയ മക്ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണിത്. വിമാനത്തില്‍ വന്‍തോതില്‍ ഇന്ധനം ഉണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയായി. വിമാനത്താവളത്തിന് വടക്ക് ഒഹായോ നദി വരെയുള്ള പ്രദേശങ്ങളില്‍ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളതായി ലൂയിസ്വില്ലെ മെട്രോ എമര്‍ജന്‍സി സര്‍വീസസ് വ്യക്തമാക്കി.