Tuesday, March 17, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 15 Mar 2026 11.49 PM

ഒട്ടുമില്ല സമയം, മൂന്നേ മൂന്നാഴ്‌ചയില്‍ ജനങ്ങളിലേക്ക്‌ എത്താന്‍ മുന്നണികളുടെ നെട്ടോട്ടം: മത്സരം ത്രികോണം, ജാതി- മത സമുദായ സമവാക്യങ്ങള്‍ നിര്‍ണായകം

ബി.ജെ.പി കരുത്ത്‌ തെളിയിക്കാന്‍ നോക്കുമ്പോള്‍, ആ വോട്ടുകള്‍ എങ്ങോട്ട്‌ മറിയുമെന്ന ആശങ്ക യു.ഡി.എഫ്‌ ക്യാമ്പുകളിലുണ്ട്‌. സമുദായിക സമവാക്യങ്ങളും കേരളത്തില്‍ നിര്‍ണായകമാണ്‌.
uploads/news/2026/03/830386/All-party.jpg

തിരുവനന്തപുരം: വിഷുവിനു ശേഷം ഏപ്രില്‍ അവസാനവാരം വോട്ടെടുപ്പ്‌ നടക്കുമെന്നു പ്രതീക്ഷിച്ചു നീങ്ങിയ മുന്നണികള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കിയത്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌. ഏപ്രില്‍ ഒന്‍പതിന്‌ വോട്ടെടുപ്പ്‌ നിശ്‌ചയിച്ചതോടെ പ്രചാരണത്തിന്‌ ലഭിക്കുന്നത്‌ മൂന്നേ മൂന്നാഴ്‌ച. ഈ ചെറിയ സമയത്തിനുള്ളില്‍ ജനങ്ങളിലേക്ക്‌ എത്താന്‍ നെട്ടോട്ടം തുടങ്ങുകയാണ്‌ മുന്നണികള്‍.

സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എല്‍.ഡി.എഫ്‌ കാട്ടിയ വേഗത യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരുപോലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌. സ്‌ഥാനാര്‍ഥിനിര്‍ണയം വൈകുന്നതിനൊപ്പം കോണ്‍ഗ്രസിനെ വലയ്‌ക്കുന്നത്‌ ഗ്രൂപ്പ്‌ പോരും റിബല്‍ ഭീഷണിയുമാണ്‌. പല മണ്ഡലങ്ങളിലും സീറ്റ്‌ ലഭിക്കാത്ത പ്രമുഖ നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തയാറെടുക്കുന്നത്‌ നേതൃത്വത്തിന്‌ തലവേദനയാകുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ നെട്ടോട്ടമോടുമ്പോള്‍ പ്രവര്‍ത്തകര്‍ പ്രചാരണരംഗത്ത്‌ പിന്നിലായ അവസ്‌ഥയിലാണ്‌.

യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ചില മണ്ഡലങ്ങളില്‍ രഹസ്യനീക്കുപോക്കുകള്‍ക്കു ശ്രമം നടന്നതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍, ബി.ജെ.പി കേന്ദ്ര നേതൃത്വം ഇത്തരം പ്രാദേശിക ധാരണകള്‍ക്ക്‌ പച്ചക്കൊടി കാട്ടിയില്ല. ഇതോടെ പലയിടത്തും ത്രികോണ മത്സരം കടുക്കുമെന്ന്‌ ഉറപ്പായി.
ബി.ജെ.പി കരുത്ത്‌ തെളിയിക്കാന്‍ നോക്കുമ്പോള്‍, ആ വോട്ടുകള്‍ എങ്ങോട്ട്‌ മറിയുമെന്ന ആശങ്ക യു.ഡി.എഫ്‌ ക്യാമ്പുകളിലുണ്ട്‌. സമുദായിക സമവാക്യങ്ങളും കേരളത്തില്‍ നിര്‍ണായകമാണ്‌.

ജാതി വോട്ട്‌ നിര്‍ണായകം

കേരളത്തിന്റെ രാഷ്‌ട്രീയവിധി നിര്‍ണയിക്കുന്നതില്‍ ജാതി-മത സമുദായ സമവാക്യങ്ങള്‍ എക്കാലവും നിര്‍ണായകമാണ്‌. 2026ലെ നിയമസഭാ പോരാട്ടം മുറുകുമ്പോള്‍, 54 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകളിലും 45 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളിലുമാണ്‌ മുന്നണികളുടെ കണ്ണ്‌. പരമ്പരാഗത വോട്ട്‌ ബാങ്കുകള്‍ കാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും കിണഞ്ഞു ശ്രമിക്കുമ്പോള്‍, ഈ കോട്ടകളില്‍ വിള്ളലുണ്ടാക്കി 25 ശതമാനം വോട്ട്‌ വിഹിതം പിടിച്ചെടുക്കാനാണ്‌ ബി.ജെ.പി ലക്ഷ്യമിടുന്നത്‌.

ഇടതുപക്ഷത്തിന്റെ കരുത്ത്‌ എക്കാലവും ഈഴവദലിത്‌ വോട്ട്‌ ബാങ്കുകളാണ്‌. കഴിഞ്ഞ തവണ ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായ വര്‍ധന ഇക്കുറിയും നിലനിര്‍ത്താമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ കണക്കുകൂട്ടല്‍. എന്നാല്‍, മുസ്ലിം-ക്രിസ്‌ത്യന്‍ വോട്ടുകള്‍ തങ്ങളുടെ 'ഫിക്‌സഡ്‌ ഡിപ്പോസിറ്റ്‌' ആണെന്ന്‌ യു.ഡി.എഫ്‌ വിശ്വസിക്കുന്നു. മധ്യകേരളത്തിലെ ൈക്രസ്‌തവ വോട്ടുകളും എന്‍.എസ്‌.എസ്‌ പോലുള്ള സംഘടനകളുടെ പിന്തുണയും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്‌ അരയും തലയും മുറുക്കി രംഗത്തുണ്ട്‌.ൈക്രസ്‌തവ വോട്ടുകള്‍ ലക്ഷ്യമിട്ട്‌ ബി.ജെ.പി നടത്തുന്ന നീക്കങ്ങളാണ്‌ യു.ഡി.എഫിനെ ഏറെ ആശങ്കപ്പെടുത്തുന്നത്‌.

സഭാനേതൃത്വവുമായി ബി.ജെ.പി നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ മധ്യകേരളത്തില്‍ വലിയ ചലനമുണ്ടാക്കിയേക്കാം. എന്‍.എസ്‌.എസിന്റെ സമദൂര നിലപാടും ബി.ഡി.ജെ.എസ്‌ വഴിയുള്ള ഈഴവ വോട്ട്‌ ഏകീകരണവും തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്നാണ്‌ ബി.ജെ.പിയുടെ പ്രതീക്ഷ. നഗരമേഖലകളിലെ മധ്യവര്‍ഗ വോട്ടുകളും വികസനതാല്‍പര്യമുള്ള യുവ വോട്ടുകളും ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കുമെന്നത്‌ കേരളത്തിന്റെ ഭാവി നിശ്‌ചയിക്കും.

Ads by Google
Ads by Google
TRENDING NOW