-->
കിഴക്കമ്പലം(എറണാകുളം): സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ കുന്നത്തുനാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥിയാകും. പട്ടിമറ്റത്ത് നടന്ന എന്‍.ഡി.എ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ്, ബാബു ദിവാകരന്റെ സ്‌ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കെ.പി.സി.സി സാംസ്‌കാരിക സാഹിതി സംസ്‌ഥാന ജനറല്‍ സെക്രട്ടറി, മുന്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാബു ദിവാകരന്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നു എന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അടൂരില്‍ അദ്ദേഹത്തെ സ്‌ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം എം.ജി. കണ്ണന് സീറ്റ് നല്‍കുകയായിരുന്നു. ഇത്തവണയും അവഗണന തുടര്‍ന്നതോടെയാണ് അദ്ദേഹം ഡി.സി.സി ജനറല്‍ സെക്രട്ടറി സ്‌ഥാനം രാജിവെച്ചത്.
നിലവിലെ എന്‍.ഡി.എ ധാരണപ്രകാരം കുന്നത്തുനാട് മണ്ഡലം ട്വന്റി20 പാര്‍ട്ടിക്ക് ലഭിച്ച സീറ്റാണ്. കോണ്‍ഗ്രസിന്റെ ശക്‌തനായ നേതാവിനെ തന്നെ സ്‌ഥാനാര്‍ത്ഥിയായി ലഭിച്ചതിലൂടെ മണ്ഡലത്തില്‍ ശക്‌തമായ മത്സരം കാഴ്‌ചവെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എയും ട്വന്റി20യും. പട്ടിമറ്റത്തെ ഓഫീസ് ഉദ്‌ഘാടന വേദിയില്‍ നടന്ന ഈ പ്രഖ്യാപനം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.