-->
ബിഹാറില്‍ വമ്പന്‍ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ 'മയി ബഹിൻ മാൻ യോജന' പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30,000 രൂപ നിക്ഷേപിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബീഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും 'മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു. ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. മഹാസഖ്യം വിജയിച്ചാൽ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്നാണ് പറയുന്നത്.
എല്ലാ ജീവിക കമ്മ്യൂണിറ്റി മൊബിലൈസർമാരെയും 30,000 രൂപ പ്രതിമാസ ശമ്പളമുള്ള സ്ഥിരം സർക്കാർ ജീവനക്കാരാക്കുമെന്നും നിലവിലുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു.