-->
തിരുവനന്തപരും: തത്കാലം മരവിപ്പിച്ചു എന്നതിന് അര്‍ത്ഥം പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ല എന്നല്ലെന്നും പിന്നീട് പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. സിപിഐയുടെ ഭാഗത്ത് നിന്ന് വന്ന ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയായതുകൊണ്ട് സിപിഐഎമ്മിന് വായില്‍ തോന്നിയത് പറയാന്‍ സാധിക്കില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സര്‍ക്കാര്‍ എന്ന പരാമര്‍ശം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണെന്നും പറഞ്ഞു. എന്ത് സര്‍ക്കാര്‍ എന്ന ബിനോയ് വിശ്വത്തിന്റെ ചോദ്യം പാടില്ലാത്തതായിരുന്നു. ഭരണഘടനാപരമായി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു സമീപനമാണ് ബിനോയ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്തു സാഹചര്യത്തില്‍ ആയിരുന്നെങ്കിലും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ കോലം കത്തിച്ചതും ചീത്തവിളിച്ചതുമെല്ലാം സിപിഐ യില്‍ നിന്നും പ്രതീക്ഷിച്ചതല്ലെന്നും പറഞ്ഞു. നേരത്തേ സിപിഐ യുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിഎംശ്രീ പദ്ധതി സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. മന്ത്രിസഭയില്‍ നിന്നുള്ള പിന്മാറ്റം ഉള്‍പ്പെടെയുള്ള ഭീഷണിയാണ് ഉയര്‍ത്തിയത്.