-->
ഒരു കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായി മാറിയ മലയാളം സീരിയലായിരുന്നു ‘ഓട്ടോഗ്രാഫ്’. അതിലെ ഫൈവ് ഫിംഗേഴ്സും എന്ന ഗ്യാങും അവരുടെ സൗഹൃദവും കൊച്ചു കൊച്ചു പിണക്കങ്ങളും കുസൃതികളുമൊക്കെയായിരുന്നു സീരിയലില്‍ നിറഞ്ഞു നിന്നത്. ആ സീരിയല്‍ കണ്ടിട്ടുള്ള ആരും ശരത്തിനെ മറന്നിട്ടുണ്ടാവില്ല. ഈ ഗ്യാങ്ങിലെ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് രാഹുല്‍ അവതരിപ്പിച്ചിരുന്നത്. 2015ല്‍ ഒരു ബൈക്ക് അപകടത്തിലാണ് ശരത്ത് മരിച്ചത്. അന്ന് വെറും ഇരുപത്തിമൂന്ന് വയസ് മാത്രമായിരുന്നു ശരത്തിന്റെ പ്രായം.
ഇപ്പോഴിതാ ഓട്ടോഗ്രാഫ് സീരിയലില്‍ ശരത്തിനൊപ്പം അഭിനയിച്ച നടി ശ്രീക്കുട്ടി ശരത്തിന്റെ കുടുംബത്തെകുറിച്ചുള്ള പുതിയ വിവരങ്ങള്‍ വ്ലോഗിലൂടെ പങ്കിട്ടിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് ശരത്തിന്റെ അമ്മ മരിച്ചത്. അമ്മയുടെ ആണ്ടുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് ശരത്തിനെ ഇപ്പോഴും സ്നേഹിക്കുന്നവർക്കായി ആ കുടുംബത്തെ ശ്രീക്കുട്ടി പരിചയപ്പെടുത്തിയത്. കൊല്ലം പരപ്പള്ളിയിലാണ് ശരത്തിന്റെ വീട്.
‘‘ഒരു വർഷം മുമ്പാണ് ശരത്തിന്റെ അമ്മ മരിച്ചത്. ഇന്നും ആ വഴി പോകുമ്പോള്‍ മനസിന് വല്ലാത്തൊരു വിങ്ങലാണ്. ഞാനും അമ്മയും അച്ഛനും കൂടിയാണ് പോകുന്നത്. ഞാൻ, രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത്ത് എന്നീ അഞ്ച് പേരാണ് ഓട്ടോഗ്രാഫ് സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചത്. അവരില്‍ ഏറ്റവും ചെറുത് ഞാനാണ്. ബാക്കിയുള്ളവരെല്ലാം എന്നെക്കാള്‍ നാലും അഞ്ചും വയസിന് മൂത്തവരായിരുന്നു. പക്ഷെ ഞാൻ അവരെ പേരാണ് വിളിച്ചിരുന്നത്.
ഫൈവ് ഫിഗേഴ്സില്‍ അഞ്ച് വിരല്‍ ഇപ്പോഴില്ല. ഒരു വിരല്‍ മുറിഞ്ഞുപോയി. ശരത്ത് കുറച്ച് വർഷം മുമ്പ് മരിച്ചു. സീരിയല്‍ കഴിഞ്ഞിട്ടും കുറേക്കാലം ഞങ്ങള്‍ അഞ്ചുപേരും ഫൈവ് ഫിംഗേഴ്സിനെപ്പോലെയായിരുന്നു ജീവിച്ചത്. പിന്നീട് ഫാമിലിയൊക്കെയായി പലരും പല സ്ഥലത്ത് ആയപ്പോഴാണ് ആ റിലേഷന് ഒരു ബ്രേക്ക് വന്നത്. ഡീപ്പ്നെസ് കുറഞ്ഞത്.
ശരത്തിന്റെ മരണവാർത്ത ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. ശരത്തിന്റെ അഭാവം ഇന്നും അംഗീകരിക്കാൻ കഴിയുന്നില്ല. അന്ന് ആത്മയുടെ ഓഫീസില്‍ ബോഡി പൊതുദർശനത്തിന് വെച്ചപ്പോള്‍ സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട്ടിലെ ഫംഗ്ഷനുകള്‍ക്കെല്ലാം ശരത്തിന്റെ കുടുംബം പങ്കെടുക്കാറുണ്ട്. അവന് ഒരു സഹോദരനാണ് ഉള്ളത്. ഇപ്പോഴും ആ വീട്ടില്‍ പോകാൻ തോന്നില്ല. കാരണം ശരത്തിന്റെ വീട്ടില്‍ അവന്റെ പ്രസൻസുള്ളതായി തോന്നും. വീട്ടില്‍ എല്ലായിടത്തും ശരത്തിന്റെ ഫോട്ടോകള്‍ തന്നെയാണ്. അവിടെ ഇരിക്കാൻ പറ്റില്ല. ഒരു വർഷം മുമ്പ് ശരത്തിന്റെ അമ്മ മരിച്ചു.
ശരത്തിനൊപ്പം ഏറെയും ലൊക്കേഷനില്‍ വന്നിട്ടുള്ളത് അച്ഛനാണ്. കൈനിറയെ ഞങ്ങള്‍ക്ക് കഴിക്കാനുള്ള സാധനങ്ങളുമായിട്ടാണ് വരിക. വീട്ടില്‍ എവിടെ നോക്കിയാലും ശരത്തിന്റെ ഫോട്ടോയാണ്. ബ്രദറിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോഴും ഒരുപാട് പേർ എന്നോട് ശരത്തിനെ കുറിച്ച് ചോദിക്കാറുണ്ട്. അങ്ങനെ അന്വേഷിക്കുന്നവർക്ക് വേണ്ടിയും ശരത്തിന് വേണ്ടിയുമാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ആന്റിക്ക് ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന് കിട്ടിയ മകനാണ് ശരത്ത്.
അത് കഴിഞ്ഞാണ് ശരത്തിന് അനിയൻ പിറന്നത്. മകളെ സുരക്ഷിതമായി കൊണ്ടുനടക്കുന്നത് പോലെയാണ് ശരത്തിനെ മാതാപിതാക്കള്‍ കൊണ്ട് നടന്നിരുന്നത്. തറയില്‍ വെക്കാതെയാണ് അവനെ വളർത്തിയത്. അവൻ ഒരു ബൈക്ക് അപകടത്തിലാണ് മരിച്ചത്. ശരത്തിനെ ആരും പെട്ടന്ന് മറക്കില്ലെന്ന് എനിക്ക് അറിയാം. അനിയൻ ശ്രീകുമാറിന്റെ കല്യാണത്തിന് ഞങ്ങള്‍ എല്ലാവരും വന്നിരുന്നു.
ശരത്തിന്റെ കുടുംബത്തെ നിങ്ങളിലേക്ക് എത്തിക്കണമെന്ന് ഉണ്ടായിരുന്നു. എന്റെ അച്ഛനും ശരത്തിന്റെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇങ്ങനെ വരുന്നത് ശരത്തിന്റെ അമ്മയ്ക്ക് ഇഷ്ടമാണ്. ഇപ്പോള്‍ അവർക്ക് സന്തോഷമായി കാണും. ഹൈപ്പർ ആക്ടീവാണ് ശരത്ത്. ചുമ്മ ഓടി ചാടി ബഹളം വെച്ച് നടക്കും. ശരത്തിനെ ഞാന്‍ ഇടയ്ക്ക് സ്വപ്നം കാണാറുണ്ട്...’’ ശ്രീക്കുട്ടി പറയുന്നു. ഓട്ടോഗ്രാഫ് സീരിയലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടൻ ശരത്തിന്റെ ജീവിതവും കുടുംബവും കാഴ്ചക്കാരെ നൊമ്പരപ്പെടുത്തുന്നുണ്ട്.
ഓട്ടോഗ്രാഫിന് പുറമെ ചന്ദനമഴ, സരയു എന്നിവയാണ് ശരത് അഭിനയിച്ചുകൊണ്ടിരുന്ന മറ്റ് പ്രധാന സീരിയലുകള്‍. രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്. ശ്രീകുമാര്‍ എന്നൊരു സഹോദരനാണ് ശരത്തിനുണ്ടായിരുന്നത്.