-->
കുടുംബത്തിന്റെ ആശ്രയവും കരുത്തും നെടുതൂണുമായിരുന്ന, എല്ലാമെല്ലാമെല്ലാമായിരുന്ന ഒരാളിന്റെ വേര്‍പാട് ആ കുടുംബത്തെ മുഴുവന്‍ ഉലയ്ക്കും. അങ്ങനെയൊരു വേര്‍പാടായിരുന്നു അഭിനയരംഗത്ത് തിളങ്ങി നിന്നിരുന്ന കലാഭവന്‍ നവാസിന്റേത്. കുടുംബത്തെ ഏറെ സ്നേഹിച്ചിരുന്ന, സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും എന്നും നന്നായി ഇടപെട്ടിരുന്ന കലാഭവന്‍ നവാസ് അകാലത്തില്‍ വേര്‍പെട്ടത് ഇന്നും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. ആ വേദനയില്‍ നിന്ന് ഇതുവരെ ഭാര്യ രഹ്നയും മക്കളും മുക്തരായിട്ടില്ല.
ഇടയ്ക്കിടെ നവാസിന്റെ മക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ള ചിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും കാഴ്ചക്കാരെ പോലും നൊമ്പരപ്പെടുത്താറുണ്ട്. ‘ഇഴ’ എന്ന സിനിമയില്‍ നവാസും ഭാര്യ രഹ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പക്ഷേ സിനിമ റിലീസാകും മുമ്പ് നവാസ് ഒരു ഓര്‍മ്മയായി മാറി. അതിന്റെ നൊമ്പരം മക്കള്‍ ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. സിനിമയുടെ ലിങ്ക് സോഷ്യല്‍ മീഡിയയിലൂടെ മകന്‍ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ഒരേ സിനിമയില്‍ അഭിനയിച്ചതിന് വാപ്പിച്ചിയ്ക്കും ഉമ്മയ്ക്കും കിട്ടിയ പുരസ്കാരത്തിന്റെ ചിത്രങ്ങളും കുറിപ്പും പങ്കിടുകയാണ് മകന്‍ റിഹാന്‍. നവാസിന് പൂവച്ചൽ ഖാദർ അവാർഡും, രഹ്നയ്ക്ക് ജെ.സി ഡാനിയേല്‍ അവാർഡും കിട്ടിയത് ഒരേ സിനിമയിലെ അഭിനയത്തിനാണെന്നും രഹ്നയ്ക്ക് പോകാന്‍ പോകാൻ പറ്റാത്തതു കൊണ്ട് റിഹാൻ ആണ് അവാർഡ് ഏറ്റു വാങ്ങിയതെന്നും മകന്‍ കുറിക്കുന്നു.
‘‘പ്രിയരേ,
ഒരേ സിനിമയിലെ അഭിനയത്തിന് രണ്ടു പേർക്കും (ഉമ്മിച്ചിക്കും വാപ്പിച്ചിക്കും) അവാർഡ് കിട്ടുക എന്നത് വലിയ ഭാഗ്യം തന്നെയാണ്,
വാപ്പിച്ചിക്ക് പൂവച്ചൽ ഖാദർ അവാർഡും, ഉമ്മിച്ചിക്ക് ജെ.സി ഡാനിയേല്‍ അവാർഡും ആണ് കിട്ടിയത്. ഉമ്മിച്ചിക്ക് പോകാൻ പറ്റാത്തതു കൊണ്ട് റിഹാൻ ആണ് അവാർഡ് ഏറ്റു വാങ്ങിയത്.
വാപ്പിച്ചിയും ഉമ്മച്ചിയും ജീവനു തുല്യമാണ് കലയെ സ്നേഹിക്കുന്നത്. വിവാഹ ശേഷം വാപ്പിച്ചിയുടെ കലയിലൂടെയാണ് ഉമ്മിച്ചിയിലെ കലാകാരി ജീവിച്ചിരുന്നത്. ഇത്രെയേറെ കലയെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മക്കളായി ജനിച്ചതിൽ ഞങ്ങൾക്ക് വളരെ അധികം അഭിമാനം ഉണ്ട്...’’ എന്നാണ് മകന്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയും പല ആരാധകരും നവാസിന്റെ വേര്‍പാടിന്റെ നഷ്ടവും നൊമ്പരവും കമന്റുകളില്‍ കുറിക്കുന്നുണ്ട്.