-->
വൈകുന്നേരങ്ങളില്‍ കലുങ്കുകളിലും ചായക്കടകളിലും പുഴയോരത്തും നാടിന്റെ വികസന കാഴ്‌ചപ്പാടുകള്‍ ചർച്ചചെയ്യുന്ന സാധാരണ ജനങ്ങളുമായി വികസനത്തിനായി നേരിട്ട് ഒരു സംവാദം എന്ന നിലയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി കലുങ്ക് സൗഹൃദ സംഗമം എന്ന പേരില്‍ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. കലുങ്ക് സദസ്സുകളില്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടയില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി പറയുന്ന പല കാര്യങ്ങളും നിലപാടുകളും വിമര്‍ശനങ്ങളും വിവാദങ്ങളായി മാറാറുണ്ട്.
ഇക്കഴിഞ്ഞ ദിവസം വട്ടവടയില്‍ നടത്തിയ കലുങ്ക് സദസ്സിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കെതിരെ സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. തന്നെ കേവലപ്പെടുത്തിക്കൊണ്ടിരിക്കുന്ന മന്ത്രിയാണ് ഇവിടെ ഉളളതെന്നും അവരൊക്കെ തെറിച്ച് പോയി വിദ്യാഭ്യാസമുളള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നാണ് വട്ടവടയിലെ കലുങ്ക് സദസ്സില്‍ സുരേഷ് ഗോപി പറഞ്ഞത്.
ഇപ്പോഴിതാ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഈ പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമാണ് സുരേഷ് ഗോപി വാ തുറക്കുന്നതെന്നും അയാളെക്കൊണ്ട് ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും ഇല്ലെന്നും ശിവന്‍കുട്ടി തുറന്നടിച്ചു.
‘‘സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് കൊണ്ട് തന്നെക്കുറിച്ച് ആവില്ല, മറിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കുറിച്ചാവും അദ്ദേഹം ആ പരാമര്‍ശം നടത്തിയത്. പുതുച്ചേരിയില്‍ കള്ളവണ്ടി രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന്റെ ടാക്‌സ് വെട്ടിച്ച വേറെ ആരെങ്കിലും ഉണ്ടോ കേരളത്തില്‍ ? ഞാന്‍ നല്ല വോട്ടില്‍ ജയിച്ച് വന്ന ആളാണ്. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചേര്‍ത്ത് അവരെ പോലും അതില്‍ കക്ഷി ചേര്‍ക്കാന്‍ മടിക്കാത്ത ആളാണ് സുരേഷ് ഗോപി. അതുകൊണ്ട് അദ്ദേഹം പറയുന്നതിനൊന്നും നാട്ടുകാര്‍ വലിയ വിലയൊന്നും കൊടുക്കുന്നില്ല. ആരും ശ്രദ്ധിക്കാതെ വന്നതോടെയാണ് ഇപ്പോള്‍ സിനിമാ സ്‌റ്റൈലില്‍ കലുങ്ക് സദസ്സും കൊണ്ട് വന്നിരിക്കുന്നത്.
കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ട് ഈ നാടിന് വേണ്ടി ഇയാള്‍ എന്താണ് ചെയ്തിട്ടുളളത്. ഒരു മൊട്ടുസൂചിയുടെ പ്രയോജനമെങ്കിലും ഇയാളെക്കൊണ്ട് ആര്‍ക്കെങ്കിലും ഉണ്ടോ. ചുമ്മാ വായില്‍ത്തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞ് കൊണ്ട് നടക്കുകയാണ്. പാവങ്ങള്‍ അപേക്ഷയും കൊണ്ട് ചെന്നാല്‍ അടിച്ചോടിക്കും. അയാള്‍ക്ക് പാവപ്പെട്ടവരുടേയും സാധാരണക്കാരന്റെയും പട്ടികജാതിക്കാരന്റെയുമൊന്നും പ്രശ്‌നങ്ങള്‍ കേള്‍ക്കാനുളള സമയവും ഇല്ല, കേള്‍ക്കുകയും ഇല്ല.
പാവപ്പെട്ട ഒരാള്‍ നിവേദനം കൊണ്ട് കൊടുത്തപ്പോള്‍ ആ കൈ കര്‍ച്ചീഫ് ഇട്ട് തുടച്ചവനാണ്. അതുകൊണ്ട് അയാള്‍ പറയുന്നതൊന്നും വിശ്വസിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ദിവസം പറയുന്നു, തനിക്കിനി മന്ത്രിയായിരിക്കേണ്ട, സിനിമയില്‍ അഭിനയിക്കാന്‍ പോകണം എന്ന്. ഇനി അയാള്‍ അഭിനയിക്കുന്ന സിനിമകളെല്ലാം എട്ട് നിലയില്‍ പൊട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വേറെ നല്ല പയ്യന്മാരുണ്ട് സിനിമയില്‍ അഭിനയിക്കാന്‍. കേരളം തള്ളിക്കളഞ്ഞ ആളാണ് സുരേഷ് ഗോപി...’’ വി ശിവന്‍കുട്ടി പറഞ്ഞു. കലുങ്ക് സദസ്സുകളില്‍ സുരേഷ് ഗോപി നടത്തിയ പ്രജ പ്രയോഗം അടക്കമുളളവയെ വിമര്‍ശിച്ച് നേരത്തെ വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു.
അയാളെക്കൊണ്ട് മൊട്ടുസൂചിയുടെ പ്രയോജനം പോലുമില്ല, Suresh Gopi ക്ക് മറുപടിയുമായി V Sivankutty #sivankutty #sureshgopi #news18kerala pic.twitter.com/GtbxYMWWyZ— News18 Kerala (@News18Kerala) October 23, 2025
ഫേസബുക്കില്‍ പങ്കുവെച്ച കുറിപ്പിലും വി. ശിവന്‍കുട്ടി സുരേഷ്ഗോപിയുടെ പരിഹാസത്തിന് മറുപടി നല്‍കിയിരുന്നു. ‘‘ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ലെന്നും കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം...’’ എന്ന് വി ശിവൻകുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ചത്. ‘‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വേണം. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. അവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല, അവർ മാറട്ടെ, അപ്പോള്‍ നമുക്ക് ആലോചിക്കാം...’’ വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് സുരേഷ്ഗോപി ഇത് പറഞ്ഞത്.
കരിവന്നൂർ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതിന് സഹായം തേടിയ വയോധികയെ സുരേഷ് ഗോപി പരിഹസിച്ചത് ഏറെ വിമർശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. കോട്ടയം പള്ളിക്കത്തോട് ആയിരുന്നു ബുധനാഴ്ച കലുങ്ക് സൗഹൃദ സംഗമം.