-->
കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ സംസ്ഥാന സർക്കാരിനെ പലരും അഭിനന്ദിക്കുന്നുണ്ട്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമ തൃശൂരില്‍ എത്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ തന്റെ അവസ്ഥ വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതുകയായിരുന്നു. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉത്തരവിന് പടന്ന എം.ആർ.വി.എച്ച്.എസ്സിലെ സിയ ഫാത്തിമയുടെ സഹപാഠികള്‍ ‘നന്ദി’ കുറിച്ചത് ഹൃദയം കവരുന്ന രീതിയിലാണ്. വിദ്യാർത്ഥികൾ മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ചാണ് സ്നേഹപ്രകടനം നടത്തിയത്.
ഇപ്പോഴിതാ കുട്ടികളുടെ ഹൃദയപൂര്‍വ്വമുള്ള നന്ദി പറച്ചിലിന് ഹൃദയം കവരുന്ന മറുപടി പങ്കിടുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ എന്നാണ് വീഡിയോ പങ്കിട്ട് വി. ശിവൻകുട്ടി പ്രതികരിച്ചിരിക്കുന്നത്.
‘‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ...
പടന്ന എം.ആർ.വി.എച്ച്.എസ്സിലെ പ്രിയ വിദ്യാർത്ഥികൾ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തിൽ തൊട്ടു. അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷം.
പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർത്ഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകൾക്കിടയിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ നിറവേറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്.
സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ. സിയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി...’’ എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയും നിരവധി പേര്‍ സംസ്ഥാന സര്‍ക്കാരിന് നന്ദി കുറിച്ച് പ്രശംസകള്‍ അറിയിക്കുന്നുണ്ട്.
വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായ സിയ ഫാത്തിമയ്ക്ക് കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയത്. കാസര്‍കോഡ് സ്വദേശിനിയായ സിയ ഫാത്തിമക്ക് സ്വന്തം വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയും സംസ്ഥാന സര്‍ക്കാരും അവസരമൊരുക്കി. മത്സരത്തിൽ പങ്കെടുത്ത സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. ഇതിന്റെ പേരില്‍ സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.