-->
ജ്വല്ലറി ജീവനക്കാരന്റെ കയ്യില്‍ നിന്നും താഴെ വീണ് പൊട്ടിയത് 1.16 കോടി വിലമതിക്കുന്ന ജേഡ് വളകള്‍. ചൈനയിലെ സുഷൗവിലുള്ള ഒരു ജ്വല്ലറിയിലാണ് സംഭവം. ഒരു ടേബിള്‍ മാറ്റുന്നതിനിടയില്‍ ഇയാള്‍ ജേഡ് വളകള്‍ നിറച്ച ഒരു ബോക്‌സില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ചെറുപ്പക്കാരനായ ജീവനക്കാരനോട് വളകള്‍ പൊട്ടിച്ചതിന് നഷ്ടപരിഹാരം ചോദിക്കുന്നതിന് പകരം അയാളോട് ക്ഷമിക്കാനാണ് ജ്വല്ലറിയുടമ തീരുമാനിച്ചത്. ജ്വല്ലറിയുടമയുടെ തീരുമാനം വലിയ തരത്തിലാണ് ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിക്കപ്പെടുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഒക്ടോബറില്‍ ജിയാങ്‌സു പ്രവിശ്യയിലെ ഒരു ജ്വല്ലറിയില്‍ നടന്ന സംഭവം കടയിലെ നിരീക്ഷണ ക്യാമറയിലാണ് പതിഞ്ഞത്. ഇയാള്‍ തട്ടിയ ബോക്‌സില്‍ 50 വളകളാണ് ഉണ്ടായിരുന്നത്. വളകള്‍ തകരുന്ന വലിയ ശബ്ദം കേട്ട് ആ സമയത്ത് ജ്വല്ലറിയിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. ജീവനക്കാരന്‍ വളകള്‍ പെറുക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിനുപോലും സാധിക്കാത്ത അത്രയും തകര്‍ന്ന അവസ്ഥയിലായിരുന്നു അവ. അതോടെ അയാള്‍ നിസ്സാഹായനായി നിലത്തിരുന്നുപോയി.
മുപ്പതിലധികം ജേഡ് വളകളാണ് ബോക്‌സിലുണ്ടായിരുന്നത്. അത് പൂര്‍ണമായും തകര്‍ന്നുവെന്നും ഒരു മില്ല്യണിലധികം യുവാന്റെ നഷ്ടമുണ്ടാക്കിയതായും ജ്വല്ലറിയുടമ ചെങ് പറഞ്ഞു. ക്ലാരിറ്റിക്കും അപൂര്‍വതയ്ക്കും പേരുകേട്ട റഷ്യന്‍ നെെ്രെഫറ്റുകളായിരുന്നു ഈ വളകള്‍ എന്നും അവയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും ചെങ് പറഞ്ഞു. എന്നാല്‍, ചെറുപ്പക്കാര്‍ക്ക് ശ്രദ്ധയില്ലാതെ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട് എന്നും അതിനാല്‍ ഇത്തവണ ജീവനക്കാരനോട് ക്ഷമിക്കാനാണ് താന്‍ തീരുമാനിച്ചത്, ഇത് അയാള്‍ക്ക് ഒരു പാഠമായിത്തീരുമെന്ന് കരുതുന്നു എന്നും ചെങ് പറയുന്നു.
ജീവനക്കാരന്‍ പറയുന്നത് താന്‍ വല്ലാതെ ഭയന്നുപോയി എന്നാണ്. നഷ്ടപരിഹാരം വാങ്ങാത്തതില്‍ ജ്വല്ലറിയുടമയോട് നന്ദിയുണ്ട് എന്നും അയാള്‍ പറഞ്ഞു. ആ പൊട്ടിത്തകര്‍ന്ന വളകള്‍ ജ്വല്ലറിയില്‍ തന്നെ സൂക്ഷിക്കുമെന്നും അത് ജീവനക്കാര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി മാറുമെന്നും ജ്വല്ലറിയുടമ പറഞ്ഞു.