-->
2026 മോഡല്‍ വര്‍ഷത്തേക്കുള്ള ഹോണ്ട റെബല്‍ 500 ക്രൂയിസറിനെ പുതിയ കളര്‍ ഓപ്ഷനുകളോടെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. പുതിയ നിറം അവതരിപ്പിച്ചുവെങ്കിലും മിഡില്‍വെയ്റ്റ് ക്രൂയിസര്‍ നിലവിലെ മോഡലിന് സമാനമായി തുടരുകയാണ് ചെയ്യുന്നത്. ഇതുവരെ വാഗ്ദാനം ചെയ്ത അതേ എഞ്ചിന്‍, പവര്‍ കണക്കുകള്‍, ഹാര്‍ഡ്വെയര്‍, ടെക് സ്യൂട്ടുകള്‍ എന്നിവ തന്നെയാണ് ഹോണ്ടയുടെ പുത്തന്‍ 2026 മോഡല്‍ റെബലിലും ഒരുക്കിയിട്ടുള്ളത്.
പേള്‍ ബ്ലാക്ക്, പേള്‍ സ്‌മോക്കി ഗ്രേ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളാണ് മിഡില്‍ വെയ്റ്റ് 500 സിസി ക്രൂയിസര്‍ ബൈക്കിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. ടോപ്പ്-സ്‌പെക്ക് റെബല്‍ 500 SE വേരിയന്റ് വാങ്ങുന്നവര്‍ക്കാണ് പുതിയ പേള്‍ ബ്ലൂ ഷേഡ് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുക. ബേസ് മോഡലിന് 6,799 ഡോളറാണ് വില വരുന്നത്. അതായത് ഏകദേശം 5.98 ലക്ഷം രൂപ. SE പതിപ്പ് നോക്കുന്നവര്‍ക്ക് 6,999 ഡോളറും ചെലവഴിക്കേണ്ടതായി വരും. ഇത് ഇന്ത്യന്‍ റുപ്പിയിലേക്ക് മാറ്റുമ്പോള്‍ വില 6.15 ലക്ഷം രൂപയോളം വരും. നമ്മുടെ നാട്ടില്‍ റെബല്‍ 500 നിലവില്‍ 5.49 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന തുക മുടക്കേണ്ടതായി വരുന്നത്. CBU റൂട്ടിലൂടെ എത്തുന്ന ബൈക്ക് ഒരൊറ്റ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ.
6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 471 സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഹോണ്ട റെബല്‍ 500 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. ഈ 8-വാല്‍വ് DOHC എഞ്ചിന് 8,500 ആര്‍പിഎമ്മില്‍ 45.5 bhp കരുത്തും 6,000 ആര്‍പിഎമ്മില്‍ പരമാവധി 43.3 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. നല്ല ലോ, മിഡ് റേഞ്ച് പവര്‍ ഡെലിവറിക്കായാണ് ഹോണ്ട റെബല്‍ 500 ബൈക്കിന്റെ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ പിന്നില്‍ ഷോവയില്‍ നിന്ന് കടമെടുത്ത ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് റെബലില്‍ ഒരുക്കിയിരിക്കുന്നത്.
ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിംഗിനായി മുന്നില്‍ 296 mm വലിപ്പമുള്ള ഡിസ്‌കും പിന്നില്‍ 240 mm വലിപ്പമുള്ള ഡിസ്‌ക്കുമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. അധിക സുരക്ഷക്കായി ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ പിന്തുണയും ഹോണ്ട റെബല്‍ 500 ക്രൂയിസര്‍ ബൈക്കിലുണ്ട്.