-->
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ഹബ് ആയി കേരളത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് സൂപ്പര്‍ ലീഗ് കേരള. ഇതിന്റെ രണ്ടാം സീസണ്‍ എത്തുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ആവേശത്തിമിര്‍പ്പിലായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ഹോം മത്സരത്തിനെത്തിയ കാണികളുടെ ആവേശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഗാലറിയില്‍ ആവേശത്തോടെ കളി ആസ്വദിക്കുന്ന തിങ്ങി നിറഞ്ഞ ആരാധകരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശക്തമായ മഴയ്ക്കിടയിലും ഇവര്‍ ടീമിനു വേണ്ടി ആവേശത്തോടെ ചിയര്‍ അപ്പ് ചെയ്യുന്നത് കാണാം. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 56 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്‌സി-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തിലാണ് ആരാധകർ ഗാലറിയില്‍ ഉത്സവ പ്രതീതി തീർത്തത്. കാണികളുടെ ആവേശം തന്റെ ശബ്ദത്തിലൂടെ പ്രകടിപ്പിക്കുന്ന കമന്റേറ്റർ ഷൈജു ദാമോദരന്റെ വാക്കുകള്‍ കാണികളുടെ ആവേശത്തെ ഉത്തേജിപ്പിക്കുന്നതായിരുന്നു.
മത്സരം 3-3 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരവും മലപ്പുറം എഫ്‌സിയുടെ ഉടമയുമായ സഞ്ജു സാംസണ്‍, കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരങ്ങളായ ബെർത്തലോമ്യു ഓഗ്ബച്ചെ, കെർവൻസ് ബെല്‍ഫോർട്ട് എന്നിവരും ഈ വീഡിയോക്ക് താഴെ കമന്റുകള്‍ കുറിച്ചിട്ടുണ്ട്.
മത്സരത്തിന്റെ അവസാന അഞ്ച് മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ നേടിയാണ് മലപ്പുറം എഫ്‌സി ശ്രദ്ധേയമായ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരളയുടെ മൂന്നാം റൗണ്ടിലെ മത്സരത്തില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. മലപ്പുറം എഫ്‌സിക്കായി എയ്റ്റർ ആല്‍ഡലിർ, നിധിൻ മധു, ജോണ്‍ കെന്നഡി എന്നിവർ ഗോളുകള്‍ നേടി. കാലിക്കറ്റ് എഫ്‌സിക്കായി മുഹമ്മദ് അജ്സല്‍ രണ്ട് ഗോളുകളും പ്രശാന്ത് ഒരു ഗോളും നേടി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് മലപ്പുറത്തിന് അഞ്ച് പോയിന്റും കാലിക്കറ്റിന് നാല് പോയിന്റും ലഭിച്ചിട്ടുണ്ട്.