-->
മലപ്പുറം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ പരാജയപെട്ടെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പക്ഷേ വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തില്‍ വ്യക്തിപരമായി നല്ല പ്രസ്താവന നടത്തിയെന്നും പറഞ്ഞു. ചില ഛിദ്ര ശക്തികള്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടെന്ന് ഇൗ വിഷയത്തില്‍ താന്‍ ആദ്യം അഭിപ്രായം പറയാതിരുന്നതെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു.
വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്നം. ഛത്തീഗ്ഢിലെ കാര്യം നമ്മള്‍ പറയുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന് വലിയ അപമാനകരമാണ്. നിയമത്തിനപ്പുറത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പറഞ്ഞു. നിയമം നോക്കിയല്ല ഇങ്ങനെയുള്ള വിഷയങ്ങള്‍ പോകുന്നത്. മറിച്ച് ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയില്‍ പോകേണ്ട കാര്യമാണ്.
ശിരോവസ്ത്രത്തിന്റെ പേരില്‍ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങള്‍ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.