Friday, March 13, 2026 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 10.22 AM

വിവാദസ്‌കൂളില്‍ നിന്നും ടി.സി. വാങ്ങുമെന്ന് കുട്ടിയുടെ പിതാവ് ; വിദ്യാര്‍ത്ഥിയുടെ അവകാശം ഹനിക്കാന്‍ സമ്മതിക്കില്ലെന്ന് സര്‍ക്കാര്‍

uploads/news/2025/10/806323/school.jpg

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബ് വിവാദത്തില്‍ അടുത്ത പ്രവര്‍ത്തിദിനം സെന്റ് റീത്താസില്‍ നിന്ന് കുട്ടിയുടെ ടി സി വാങ്ങുമെന്ന് പിതാവ്. നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കാമെന്ന് സ്‌കൂള്‍ നിലപാട് അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്് പിതാവ്. മകളുടെ കൂടി തീരുമാനപ്രകാരമാണ് സ്‌കൂള്‍ മാറ്റമെന്നും പറഞ്ഞു.

ഹിജാബ് ധരിച്ചെത്തിയതോടെ പുറത്തുനിര്‍ത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും തുടര്‍ന്നും ഇതേ സ്‌കൂളില്‍ മകള്‍ പഠിക്കേണ്ടതില്ലെന്നുമാണ് പിതാവ് അറിയിച്ചത്. അതേസമയം സംഭവത്തില്‍ ഹിജാബ് ധരിക്കാനുള്ള കുട്ടിയുടെ അവകാശത്തിനൊപ്പമാണ് സര്‍ക്കാര്‍. ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥിക്ക് അനുമതി നല്‍കാന്‍ നിര്‍ദേശിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയും അനുവദിച്ചിരുന്നില്ല. ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കണം എന്നായിരുന്നു എഇഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്.

ഹിജാബിന്റെ നിറവും ഡിസൈനും സ്‌കൂളിന് തീരുമാനിക്കാമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഡിഡിഇക്ക് അധികാരമില്ലെന്നായിരുന്നു സ്‌കൂളിന്റെ വാദം. ഇതിനിടയില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രിയും രംഗത്ത് വന്നു. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രിഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.
കൊച്ചി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വേണം പ്രവര്‍ത്തിക്കാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശങ്ങളില്‍ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങള്‍ ഉണ്ടാക്കാനോ ഒരു സ്‌കൂള്‍ മാനേജ്‌മെന്റിനും അധികാരമില്ല.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW