Thursday, March 12, 2026 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 09.21 AM

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

uploads/news/2025/10/806316/sabarimala-melshanthi.jpg

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ.ഡി. തെരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലായിരുന്നു ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.

രാവിലെ ഏഴിനായിരുന്നു മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. പ്രസാദ് ഇ ഡി നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. മൂന്ന് തവണ അപേക്ഷിച്ചിരുന്നതായി പ്രസാദ് പറഞ്ഞു. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒന്‍പതാമത്തെ പേരുകാരനാണ് ഇദ്ദേഹം. 13 പേരുടെ ചുരുക്കപ്പട്ടികയാണ് മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിനെ വലിയ ഭാഗ്യമായി കരുതുന്നെന്നാണ് ഇരുവരുടേയും പ്രതിരണം. വിവാദങ്ങള്‍ക്കിടയിലും തുലാമാസ പൂജകള്‍ക്കായി തുറന്നപ്പോഴും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ്. നടപ്പന്തലിലും തീര്‍ത്ഥാടകരുടെ നീണ്ട നിരയുണ്ട്. അന്‍പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയ പാളികള്‍ തിരികെ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. 4.30 നു ശേഷം പതിനെട്ടാംപടിക്കു താഴെ ആഴിയില്‍ അഗ്‌നിപകര്‍ന്നു.

വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. തുടര്‍ന്നായിരുന്നു പാളികള്‍ തിരികെ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ 12 പാളികളാണ് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കു കൊണ്ടുപോയത്. ഈ പാളികളുടെ ആകെ ഭാരം 22.833 കിലോഗ്രാം ആയിരുന്നു. ഇതില്‍ സ്വര്‍ണത്തിന്റെ തൂക്കം 281.2 ഗ്രാം ആയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം തിരിച്ചെത്തിച്ചപ്പോള്‍ 12 പാളികളുടെ ആകെ ഭാരം 22.876 കിലോഗ്രാമാണ്. ഇതില്‍ സ്വര്‍ണത്തിന്റെ തൂക്കം 290.902 ഗ്രാമാണ്. 9.702 ഗ്രാം സ്വര്‍ണം കൂടുതലായുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, അഡ്വ. പി.ഡി. സന്തോഷ് കുമാര്‍, ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍, തിരുവാഭരണം കമ്മിഷണര്‍ ആര്‍. രജിലാല്‍, ദേവസ്വം വിജിലന്‍സ് എസ്.പി: സുനില്‍കുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ്, ദേവസ്വം സ്മിത്ത്, മരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണം പൂശിയ പാളികള്‍ പുനഃസ്ഥാപിച്ചത്. അതിനുശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ ശുദ്ധിപൂജകള്‍ നടന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW