-->
പാലക്കാട്: ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണാടി എച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എസ്എഫ്‌ഐ, കെഎസ് യു, എബിവിപി തുടങ്ങി എല്ലാ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. അദ്ധ്യാപികയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. സ്‌കൂളിന്റെ മുറ്റത്ത് കുട്ടികള്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രിന്‍സിപ്പലിനെ കെ.എസ്.യു. ഉപരോധിച്ചു. അതേസമയം അദ്ധ്യാപികയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും അദ്ധ്യാപിക ശാസിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ധ്യാപിക പറഞ്ഞത് ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും ഉദ്ദേശിച്ചാണെന്നും പറഞ്ഞു. അദ്ധ്യാപിക ചെയ്യേണ്ട കാര്യം മാത്രമാണ് ചെയ്തതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തെ വളച്ചൊടിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചുണ്ടായ സംഭവത്തില്‍ സൈബര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് കാര്യം അദ്ധ്യാപിക കുട്ടികളുടെ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ ചെയ്യുന്ന കാര്യമെല്ലാം റെക്കോഡ് ചെയ്യപ്പെടുന്നുണ്ടെന്നും അത് മൂലം ഉണ്ടായേക്കാവുന്ന ജയില്‍ശിക്ഷ അടക്കമുള്ള പ്രശ്‌നങ്ങളെ കുട്ടികളെ ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കുട്ടിക്ക് വീട്ടില്‍ ചില മാനസീക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും കൗണ്‍സിലിംഗിന് തീയതി നിശ്ചയിച്ചിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം അദ്ധ്യാപികയില്‍ നിന്നും മാനസീകപീഡനം നടന്നതായിട്ടാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ നടന്ന സംഭവത്തില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ ആരോപണം നിഷേധിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)