-->
കൊല്ലം: അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും ഏറ്റുമുട്ടിയ അഞ്ചാലുംമൂട് സ്‌കൂളിലെ സംഭവത്തില്‍ രണ്ടുപേര്‍ക്കും സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അദ്ധ്യാപകനെ വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ അദ്ധ്യാപകനോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയെ സ്‌കൂളും സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ശിശുക്ഷേമ വകുപ്പ് നടപടിയെടുക്കും.
അദ്ധ്യാപകനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി അഞ്ചാലുംമൂട് പോലീസ് കേസെടുക്കുകയൂം ചെയ്തിട്ടുണ്ട്. അദ്ധ്യാപകന്റെ പരാതിയില്‍ വിദ്യാര്‍ത്ഥിക്കെ തിരേയും കേസുണ്ട്. സ്‌കൂളിലെ കായികാദ്ധ്യാപകനായ മൊഹമ്മദ് റാഫിക്കെതിരേയാണ് കേസ്. ഇന്നലെയായിരുന്നു സ്‌കൂളില്‍ വെച്ച് അദ്ധ്യാപകനും 17 വയസ്സുള്ള വിദ്യാര്‍ത്ഥിയും ഏറ്റുമുട്ടിയത്. അതേസമയം കുട്ടിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
വിദ്യാര്‍ത്ഥി കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞത് അദ്ധ്യാപകന്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകന്റെ മൂക്കിനടുത്ത് കൈവരില്‍ ചൂണ്ടുകയും അദ്ധ്യാപകന്‍ ഇത് തട്ടിമാറ്റുകയും ചെയ്തു. ഇത് വിദ്യാര്‍ത്ഥിയെ ചൊടിപ്പിക്കുകയും ഇയാള്‍ അദ്ധ്യാപകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഉന്തും തള്ളുമായി മാറുകയും ചെയ്തു. തുടര്‍ന്ന് അദ്ധ്യാപകന്‍ കയ്യിലിരുന്ന താക്കോല്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ മൂക്കിന് ഇടിക്കുകയുമായിരുന്നു.
വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ അദ്ധ്യാപകനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ധ്യാപകന്‍ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപകന്‍ അതിന് വിരുദ്ധ പ്രവൃത്തി നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അദ്ധ്യാപകന് എതിരേ ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്.