-->
കഴിവിനെക്കാളുപരി മുഖസൗന്ദര്യമാണ് ഒരു സിനിമയില്‍ നായകനെയും നായകനെയും തീരുമാനിക്കുക എന്ന മിഥ്യാധാരണ ഇപ്പോഴും പലര്‍ക്കുമിടയിലുണ്ട്. പല വേദികളിലും സെലിബ്രിറ്റികളില്‍ പലരും ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുമുണ്ട്. സഹതാരങ്ങള്‍ക്ക് വേണ്ടി ഇത്തരം ചോദ്യങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞിട്ടുള്ള സൂപ്പര്‍താരങ്ങളുമുണ്ട്.
പലപ്പോഴും തെലുങ്ക് മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തെലുങ്ക് സിനിമ പത്രസമ്മേളനങ്ങൾക്കിടെ അസ്വാഭാവികവും വിവാദപരവുമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച സംഭവങ്ങള്‍ ഒരുപാടാണ്. താരങ്ങൾക്ക് അവരുടെ രൂപഭംഗിയെയും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും കുറിച്ച് അനുചിതമായ ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ആ ചോദ്യങ്ങൾ അസ്വസ്ഥതയ്ക്കും വിമർശനത്തിനും കാരണമായിട്ടുണ്ട്.
ഇപ്പോഴിതാ ഡ്യൂഡ് എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ, പ്രദീപ് രംഗനാഥൻ ഒരു ഹീറോ മെറ്റീരിയൽ അല്ലെന്ന് ഒരു തെലുങ്ക് റിപ്പോർട്ടർ പറഞ്ഞപ്പോൾ, പ്രദീപ് മറുപടി നൽകുന്നതിന് മുമ്പുതന്നെ, സൂപ്പർസ്റ്റാറും സൂപ്പർ ഹ്യൂമനുമായ ശരത് കുമാർ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നെറ്റിസണ്‍മാരുടെ ഹൃദയം കീഴടക്കുകയാണ് ശരത്കുമാറിന്റെ മറുപടി.
താന്‍ ചോദിക്കുന്നത് നെഗറ്റീവായി എടുക്കരുതെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ടര്‍ സംസാരിച്ചു തുടങ്ങിയത്. ‘നിങ്ങൾ ഹീറോ മെറ്റീരിയലിലല്ല. അപ്പോൾ അതിന് പിന്നിൽ എന്താണ്, അത് കഠിനാധ്വാനമോ ഭാഗ്യമോ...?’ എന്നായിരുന്നു റിപ്പോര്‍ട്ടറിന്റെ ചോദ്യം.
‘ഞാന്‍ പറയാം...’ എന്ന് പ്രദീപ് രംഗനാഥന്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോഴാണ് ശരത്കുമാര്‍ മൈക്ക് വാങ്ങി സംസാരിച്ചു തുടങ്ങിയത്. ‘‘ക്ഷമിക്കണം പ്രദീപ്, ഞാൻ മൈക്ക് എടുക്കുന്നു, കാരണം ഞാൻ ഈ ഇൻഡസ്ട്രിയിൽ 170 സിനിമകൾ ചെയ്തിട്ടുണ്ട്...ആരാണ് ഹീറോ മെറ്റീരിയൽ എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല മാഡം, എല്ലാവരും ഹീറോ മെറ്റീരിയൽ ആണ്. ഒരു ഹീറോ ആയി തോന്നാൻ, നിങ്ങൾക്ക് ഒരു നായകനെക്കുറിച്ച് ഒരു സ്പെസിഫിക്കേഷനും പറയാന്‍ കഴിയില്ല. സമൂഹത്തിന് ഗുണം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ചെയ്യുന്ന ഒരാൾ ഹീറോയാണ്...’’എന്നാണ് ശരത്കുമാര്‍ പറഞ്ഞത്. ഒരു ഹീറോയുടെ ആവശ്യകതകളും നിർവചനവും മനോഹരമായി വിശദീകരിച്ചുള്ള മറുപടിയും നിറകൈയടിയോടെയാനണ് സദസ്സ് ഏറ്റെടുക്കുന്നത്.
ഇതിനു ശേഷം ‘കെ-റാംപ്’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ഇതേ പത്രപ്രവർത്തകൻ വീണ്ടും ഈ വിഷയം ഉന്നയിച്ചപ്പോൾ, നടൻ കിരൺ അബ്ബവാരം പ്രദീപ് രംഗനാഥനു വേണ്ടി സംസാരിച്ചിരുന്നു. ‘‘മറ്റൊരു വ്യവസായത്തിൽ നിന്നുള്ള ഒരു നടനെ ലക്ഷ്യം വയ്ക്കുന്നത് ശരിയല്ല. ഇത്തരം ചോദ്യങ്ങൾ നിരന്തരം ചോദിക്കുന്നത് അന്യായമാണ്. പ്രദീപ് രംഗനാഥൻ ഹീറോ മെറ്റീരിയൽ അല്ലെന്ന് പറയുന്നത് അദ്ദേഹത്തിനും അത് കേൾക്കുന്ന മറ്റുള്ളവർക്കും വേദനാജനകമാണ്. ഇനി ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്...’’ എന്നായിരുന്നു കിരണിന്റെ നിലപാട്. കിരൺ അബ്ബവാരത്തിന്റെ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വ്യാപകമായ അഭിനന്ദനം ലഭിച്ചിരുന്നു.
മുതിർന്ന നടി രാധിക ശരത് കുമാറും മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനെതിരായ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. “ഇതിനെ ഒരു ചോദ്യം എന്ന് പോലും വിളിക്കാമോ? ശരത്തും പ്രദീപും അത് മാന്യമായി കൈകാര്യം ചെയ്തു...’’ എന്നാണ് രാധിക പറഞ്ഞത്. ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ വഴിവച്ചിട്ടുണ്ട്.