-->
നഴ്‌സിംഗ് ഹോമിലെ പ്രായമായ അന്തേവാസികള്‍ക്കായി മിനി സ്‌കര്‍ട്ട് ധരിച്ച് ഡാന്‍സ് കളിക്കുന്ന ജീവനക്കാരികളുടെ വീഡിയോയാണ് ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇത് തീര്‍ത്തും അനുചിതമാണ് എന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. വടക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സംഭവം നടന്നത്.
സെപ്റ്റംബര്‍ 24 നാണ് ഒരു നഴ്‌സിംഗ് ഹോമില്‍ പ്രായമായ താമസക്കാര്‍ക്ക് മുന്നില്‍ മിനി സ്‌കര്‍ട്ട് ധരിച്ച് അശ്ലീലച്ചുവ തോന്നിക്കുന്ന തരത്തില്‍ നൃത്തം ചെയ്യുന്ന ഒരു വനിതാ ജീവനക്കാരിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. വൃദ്ധരെ മരുന്ന് കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നാണ് നഴ്‌സിംഗ് ഹോമിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അവകാശപ്പെടുന്നത്. എന്നാല്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ വലിയ വിമര്‍ശനം തന്നെ ഇതിന് നേരെ ഉയരുകയായിരുന്നു.
സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പോലെയുള്ള വസ്ത്രവും, മുട്ടോളമെത്തുന്ന കറുത്ത സോക്‌സുകളും ധരിച്ച ഒരു യുവതി ഒരു വൃദ്ധന്റെ മുന്നില്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. 'പ്രായമായവരെ മരുന്ന് കഴിക്കാന്‍ സഹായിക്കുന്നതിന് ഞങ്ങളുടെ ഡയറക്ടര്‍ എന്തും ചെയ്യാന്‍ തയ്യാറാണ്' എന്നായിരുന്നു ഈ വീഡിയോയുടെ അടിക്കുറിപ്പ്.
'ഹാപ്പി റിട്ടയര്‍മെന്റ് ഹോം' എന്നാണ് നഴ്‌സിംഗ് ഹോമിന്റെ വെബ്‌സൈറ്റ് തങ്ങളുടെ സ്ഥാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 1990 കളില്‍ ജനിച്ച ഇതിന്റെ ഡയറക്ടര്‍ പറയുന്നത് പ്രായമാവരെ ജീവിതം മെച്ചപ്പെടുത്താനും അവരെ എപ്പോഴും ഹാപ്പിയാക്കിയിരുത്താനും വേണ്ടി എന്തും ചെയ്യുമെന്നാണ്. എന്നാല്‍, വീഡിയോ വൈറലായി മാറിയതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.