-->
ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും നിറയാറുണ്ട്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഏറെ ജനപ്രീതി നിറയുന്ന എപ്പിസോഡുകളും ബിഗ് ബോസില്‍ ഉണ്ടാകാറുണ്ട്. വലിയൊരു കാഴ്ചക്കാര്‍ തന്നെയുണ്ട് ബിഗ് ബോസിന്. ഇതിന്റെ അവതാരകനായി മോഹന്‍ലാല്‍ എത്തുന്നതു കൊണ്ടു തന്നെ മിക്ക എപ്പിസോഡുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചില എപ്പിസോഡുകളില്‍ വിമര്‍ശനങ്ങളും നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളും കൈയടികളുമൊക്കെ പലപ്പോഴും മത്സരാര്‍ഥികളെ മോഹന്‍ലാല്‍ അറിയിക്കാറുമുണ്ട്.
ഇക്കഴിഞ്ഞ ദിവസം ബിഗ് ബോസ് സീരിയസ് ആയി കാണുന്ന രണ്ട് പേരെ ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജുവും ഉമ്മ റജിലയും ആയിരുന്നു അത്. ബിഗ് ബോസിലെ ഓരോ എപ്പിസോഡിന്റെയും റിയാക്ഷന്‍ വീഡിയോകളാണ് റജിലയും മകന്‍ സര്‍ജുവും ചേര്‍ന്ന് ചെയ്യാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഇവരുടെ പല വീഡിയോകളും. ബിഗ് ബോസ് ആദ്യ സീസണ്‍ മുതല്‍ കണ്ട് കൃത്യമായി വിലയിരുത്തുന്നവര്‍ എന്നാണ് തന്റെ വേദിക്ക് സമീപം കാണികള്‍ക്കൊപ്പം ഇരുന്ന ഇരുവരെയും മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീക്കെന്‍ഡ് എപ്പിസോഡിന്റെ ചിത്രീകരണത്തിന് മുന്‍പ് മോഹന്‍ലാലിനെ കാണാനെത്തുന്ന സര്‍ജുവിന്‍റെയും ഉമ്മ റജിലയുടെയും വീഡിയോയാണിത്. ബിഗ് ബോസ് ടീം തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നത്. ഊഷ്മളതയോടെയാണ് മോഹന്‍ലാല്‍ ഇരുവരോടും ഇടപെടുന്നത്.
‘‘മത്സരാര്‍ഥികളെ റോസ്റ്റ് ചെയ്യാറുണ്ടല്ലോ, അവരിലെ കുഴപ്പക്കാരെ ഇന്ന് വഴക്ക് പറയണം, ചട്ടമ്പികളെയൊക്കെ പിടിക്കണം...’’ എന്നും വീഡിയോയില്‍ മോഹന്‍ലാല്‍ റജിലയോട് പറയുന്നുണ്ട്. മോഹന്‍ലാലിനെ കണ്ട വീഡിയോ സര്‍ജു ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ‘‘ഏട്ടന്റെ അരികിൽ...എന്റെ അക്കൗണ്ടിൽ ഏറ്റവും മുകളിലെ വീഡിയോ ഇതായിരിക്കും...എന്നും... ലവ് യു ലാലേട്ടാ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സര്‍ജു ഫേസ്ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് 46,000 ല്‍ അധികം ലൈക്കുകളും തൊള്ളായിരത്തോളം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. നിറയെ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികളും ഏറെ കൗതുകത്തോടെയാണ് റജിലയുടെ പ്രതികരണങ്ങള്‍ കണ്ടറിഞ്ഞത്.
സീസണ്‍ 7 പതിനൊന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പതിനൊന്ന് മത്സരാര്‍ഥികള്‍ ഹൗസില്‍ നിലവില്‍ അവശേഷിക്കുന്നുണ്ട്. ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ എട്ട് പേരായിരുന്നു . അനീഷ്, ഷാനവാസ് എന്നിവര്‍ സേവായി എന്ന് മോഹന്‍ലാല്‍ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. പിന്നീടുള്ള പ്രൊമോയില്‍ നെവിന്‍, സാബുമാന്‍, അനുമോള്‍ എന്നിവരും സേവ്ഡ് ആയിട്ടുണ്ട്. അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരില്‍ നിന്ന് ഒരാളോ ഒന്നിലധികം പേരോ പുറത്താവുമെന്ന് പ്രൊമോ സൂചിപ്പിക്കുന്നുണ്ട്. അത് ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.