-->
മിനി സ്ക്രീനിലും ബിഗ് സ്‌ക്രീനിലുമായി ഒരുപോലെ തിളങ്ങി നിന്ന താരമാണ് ബീന ആന്റണി. സിനിമകളിൽ സഹനായിക വേഷങ്ങളും അനിയത്തി വേഷങ്ങളുമടക്കം ചെയ്തിരുന്ന താരം പിന്നീട് സീരിയലുകൾക്കാണ്സീ പ്രാധാന്യം നൽകിയത്.
ബീനയുടെ ഭർത്താവും നടനുമായ മനോജും സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ്. താരദമ്പതികളായ ബീന ആന്റണിയും മനോജും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തങ്ങളുടേതായിട്ടുള്ള എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കുന്നതിനോടൊപ്പം മറ്റ് ട്രോളുകളും, പല കാര്യങ്ങളിലുള്ള അഭിപ്രായങ്ങളുമെല്ലാം രണ്ടാളും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ കൂടെ ആദ്യമായി അഭിനയിക്കുമ്പോൾ ഭയങ്കര പേടിയായിരുന്നെന്ന് പറയുകയാണ് ബീന ആന്റണി. യോദ്ധ സിനിമയിൽ മോഹൻലാലിന്റെ അനുജത്തി വേഷത്തിലാണ് ബീന അഭിനയിച്ചത്. മോഹൻലാല്‍ സെറ്റില്‍ വന്നുകഴിഞ്ഞാല്‍ ഭയങ്കര ജോളിയാണെന്ന് നടനും ബീനയുടെ ഭർത്താവുമായ മനോജും പറയുന്നുണ്ട്.
‘‘ഞാനന്ന് പുതുമുഖമാണ്. രണ്ടോ മൂന്നോ സിനിമയേ ചെയ്തിട്ടുള്ളൂ. വളയവും യോദ്ധയും ഏകദേശം ഒരു സമയത്താണ് ചെയ്യുന്നത്. ലാലേട്ടന്റെ അടുത്തു നിന്ന് അഭിനയിക്കാന്‍ പോലും എനിക്കന്ന് പേടിയാണ്. വലിയ ആര്‍ട്ടിസ്റ്റായതു കൊണ്ട് എന്തു പറയും എങ്ങനെ പറയുമെന്ന് അറിയില്ലല്ലോ. ഒരു സീനില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ലാലേട്ടന്റെ പാത്രത്തില്‍ നിന്ന് എടുത്തു കഴിക്കുന്ന സീനുണ്ട്. വളരെ അടുപ്പമുള്ള അനിയത്തി വേഷമാണല്ലോ അതില്‍. പക്ഷേ എനിക്കെന്തോ അതു ചെയ്യാനൊരു മടി പോലെ തോന്നി. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ‘ഡയറക്ടര്‍ പറഞ്ഞില്ലേ, അതു പോലെ ചെയ്യ്, ക്യാരക്ടര്‍ അല്ലേ ചെയ്യുന്നത്’ എന്ന്. അങ്ങനെ പറഞ്ഞ് എന്നെക്കൊണ്ട് ആ സീന്‍ സിമ്പിളാക്കി അഭിനയിപ്പിച്ചു. ലാലേട്ടന് നമ്മളെ കംഫര്‍ട്ടാക്കും. ചിരിച്ചു ജോളിയായിട്ടാണ് ലാലേട്ടന്‍ ഇടപെടുന്നത്. ദേഷ്യപ്പെടാനൊന്നും ലാലേട്ടന് അറിയില്ല....’’ ബീന ആന്റണി പറഞ്ഞു.
‘‘ആള്‍ക്കൂട്ടത്തിനിടയില്‍ മാത്രമേ ലാലേട്ടൻ ഭയങ്കര സീരിയസ് ആയിട്ട് പോകുന്നുള്ളൂ. ആളുകള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ലല്ലോ, അതിന്റെയൊരു ഭയമുണ്ട് പുള്ളിക്ക്. ലാലേട്ടൻ ഒരു ദിവസം പോയപ്പോള്‍ മൈക്ക് കണ്ണില്‍ തട്ടിയില്ലേ. അത്തരത്തില്‍ പേടി കാണും. എങ്കിലും ‘എന്താ മോനെ ഇത്’ എന്ന് ഫണ്‍ രീതിയാക്കി മാറ്റി. എങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ ആകുമ്പോള്‍ ആളുകള്‍ അടുത്തേക്ക് വരുന്നതും നിയന്ത്രിക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്ക ലാലേട്ടനുണ്ട്. എന്നാല്‍ സെറ്റില്‍ വരുന്ന ലാലേട്ടന്റെ ഫേസ് വേറെയാണ്. ഫാമിലിയിലെ ഒരാളെപ്പോലെയാണ് പെരുമാറുക. ദൂരെക്കാണുമ്പോള്‍ തന്നെ നമ്മളെ വിഷ് ചെയ്യും...ലാലേട്ടന്റെ അമ്മയുമായി ഞാൻ നല്ല അടുപ്പമാണ്. ഞാനൊരു കൃഷ്ണനെ കൊടുത്തിരുന്നു’’ മനോജ് പറഞ്ഞു.
‘‘അമ്മ സുഖമില്ലാതെ കിടന്നപ്പോള്‍ ഞങ്ങള്‍ കാണാൻ പോയി. അമ്മയന്ന് ഐസിയുവിലായിരുന്നു. കാണാൻ പറ്റിയില്ല. ലാലേട്ടനെ അവിടെ വച്ച് കണ്ടപ്പോള്‍ മനു എപ്പോഴും കൈയില്‍ കൊണ്ടു നടന്നിരുന്ന ഒരു കുഞ്ഞിക്കൃഷ്ണനെ ലാലേട്ടന് കൊടുത്തു. അമ്മയുടെ അടുത്ത് വയ്ക്കണമെന്ന് പറഞ്ഞാണ് ആ കൃഷ്ണനെ കൊടുത്തത്. വലിയ സന്തോഷത്തോടെ ലാലേട്ടനത് വാങ്ങി...’ ബീന പറയുന്നു.
‘‘പ്രസാദം വാങ്ങുന്നതുപോലെയാണ് ലാലേട്ടൻ അത് വാങ്ങിയത്. അതുകഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞാണ് മിസ്റ്റർ ഫ്രോഡ് ചെയ്യുന്നത്. അപ്പോള്‍ കണ്ടപ്പോള്‍ കുഞ്ഞി കൃഷ്ണൻ അവിടെ ഉണ്ട്‌ട്ടോ എന്ന് പറഞ്ഞു...’’ മനോജ് പറയുന്നു. ‘എല്ലാവരെയും കംഫര്‍ട്ട് ആക്കുന്ന ആളാണ് ലാലേട്ടന്‍...’ എന്ന് ബീനയും പറയുന്നു.
മോഹന്‍ലാലിന്റെ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ മമ്മൂട്ടി എന്ന താരത്തെക്കുറിച്ചും വ്യക്തിയെക്കുറിച്ചും താരദമ്പതിമാര്‍ പങ്കിടുന്നുണ്ട്. ‘‘മമ്മൂക്കയും അങ്ങനെ തന്നെയാണ്. മമ്മൂക്ക വരുമ്പോള്‍ നമ്മളൊക്കെ വലിയ ഭയത്തോടെ നില്‍ക്കും. അങ്ങോട്ട് കയറി വിഷ് ചെയ്യാനൊരു മടിയാണ്. എന്നാല്‍ മമ്മൂക്കയുടെ റിയാക്ഷനുകള്‍ പെട്ടെന്നായിരിക്കും. കോമഡി സ്‌റ്റൈലിലൊക്കെയായിരിക്കും ഗുഡ് മോണിംഗ് പറയുക....’ മനോജ് പറഞ്ഞു.
‘ഒരു തവണ സെറ്റില്‍ ഞാനല്‍പ്പം ദൂരത്ത് നില്‍ക്കുകയാണ്. മമ്മൂക്ക അവിടെ ഇരിക്കുന്നു. ഞാനിങ്ങനെ അല്‍പ്പം പേടിയോടെ നോക്കിനില്‍ക്കുമ്പോള്‍, മമ്മൂക്ക എഴുന്നേറ്റ് നിന്ന് ‘നമസ്കാരം’ എന്ന് പറഞ്ഞു. ‘എന്നെയാണോ ഭഗവാനേ’ എന്നോര്‍ത്ത് ഞാനും തിരിച്ച് നമസ്കാരം പറഞ്ഞു. അങ്ങനെ വലിയ തമാശക്കാരനാണ് മമ്മൂക്ക...’ ബീനയും പറഞ്ഞു.
‘‘കമ്മത്ത് ആൻഡ് കമ്മത്തില്‍ അഭിനയിക്കുമ്പോള്‍ രാവിലെ മമ്മൂക്ക വന്നപ്പോള്‍ എല്ലാവരെയും നോക്കിയങ്ങ് പോയി. നമസ്തെ കാണിക്കാനായി നില്‍ക്കുകയായിരുന്നു ഞാൻ. എന്നെ കണ്ടിട്ടുണ്ട്. പുള്ളി മൈൻഡ് ചെയ്യാതെ പോയി. പെട്ടെന്ന് സങ്കടം വരുന്നയാളാണ് ഞാൻ. മമ്മൂക്കയൊക്കെ അങ്ങനെ ചെയ്യുമ്ബോള്‍ എനിക്ക് സഹിക്കാൻ പറ്റില്ല. വൈകിട്ടായപ്പോള്‍ ഞാൻ മമ്മൂക്കയ്ക്ക് മെസേജിട്ടു. എനിക്ക് നന്നായി വേദനിച്ചു മമ്മൂക്കാ, എന്റെ മനസ് തകർന്നുപോയി. മമ്മൂക്ക നോക്കിയിട്ട് ചിരിക്കുക പോലും ചെയ്യാതെ പോയില്ലേ എന്ന് പറഞ്ഞാണ് മെസേജ് അയച്ചത്. മറുപടിയൊന്നുമില്ല. അടുത്ത ദിവസം ഷൂട്ടിംഗിന് പോയി. ഞാൻ ദൂരെ മാറിനിന്നു. മമ്മൂക്ക എന്നെ കണ്ട്. അവിടന്ന് നടന്ന് വന്ന് ചിരിച്ചുകൊണ്ട് ഗുഡ് മോണിംഗ്, ഓക്കെയല്ലേ എന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി...’’ മനോജ് പറഞ്ഞു.