-->
തിരുവനന്തപുരം: പേരാമ്പ്ര സംഘര്‍ഷത്തില്‍ കോഴിക്കോട് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഐജി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും ജില്ലാനേതാക്കള്‍ പണിപ്പെട്ട് നിയന്ത്രിക്കുകയായിരുന്നു. തുടര്‍ന്ന് നേരത്തേ നടക്കാവ് കണ്ണൂര്‍ റോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വൈകിട്ട് പേരാമ്പ്രയില്‍ പ്രതിഷേധസംഗമം നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.
പേരാമ്പ്രയില്‍ ഇന്നലെ രാത്രി തുടങ്ങിയ സംഘര്‍ഷത്തിന് ഇതുവരെ അയവുണ്ടായിട്ടില്ല. ഇന്നലെത്തേതിന് പിന്നാലെ ഇന്ന് പോലീസിനെതിരേ ശക്തമായ മുദ്രാവാക്യം വിളികളുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സംഘത്തെ പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമായി. പ്രതിഷേധങ്ങളെ തല്ലിയൊതുക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരവുമായി മുമ്പോട്ട് പോകുമെന്നും എന്നാല്‍ ശബരിമല വിഷയത്തിലുള്ള സമരം ഇതില്‍ മുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ജില്ലാനേതാക്കള്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ പരിക്ക് ഷോ ഓഫാണെന്ന് പറയുന്നവര്‍ പോലീസ് ഉമ്മവെച്ചിട്ടാണോ പരിക്കേറ്റതെന്നും ചോദിച്ചു. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതുകൊണ്ടെന്നും ശബരിമല സ്വര്‍ണ്ണമോഷണ വിവാദം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ചികിത്സയില്‍ തുടരുകയാണ്. മൂക്കിന്റെ രണ്ട് ഭാഗങ്ങളില്‍ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെ ഉണ്ടായ അക്രമത്തിനെതിരെ ഇന്നലെയും വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ഷാഫിയുടേത് ഷോ ഓഫാണെന്നാണ് സിപിഐഎം പ്രതികരണം.
കേരളത്തില്‍ പലയിടത്തും ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടുണ്ടെങ്കിലും ലാത്തി ഉയര്‍ത്തിയടിക്കുന്നത് കണ്ടിട്ടുണ്ടോ എന്നും ആള്‍ക്കാരെ അടക്കി നിര്‍ത്തേണ്ടതിന് പകരം അക്രമിക്കാന്‍ പറഞ്ഞുവിടുകയായിരുന്നു എന്നുമാണ് ഇടതുപക്ഷം ചോദിച്ചത്. ഒരാഴ്ച വിശ്രമം വേണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. പ്രിയങ്കാഗാന്ധി ഷാഫിയെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷണം നടത്തി. സംസ്ഥാനവ്യാപകമായി കെപിസിസി വലിയ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരുന്നത്.