-->
നാലു പതിറ്റാണ്ടിലധികമായി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനയവിസ്മയമാണ് ഉര്‍വശി. ജനനം കൊണ്ട് മലയാളിയാണെങ്കിലും സൗത്ത് ഇന്ത്യ മുഴുവന്‍ ഉര്‍വശിയുടെ അഭിനയമികവിന്റെ ആരാധകരാണ്. ഓരോ സിനിമ കഴിയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞാണ് ഉര്‍വശിയുടെ അഭിനയം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും നൊമ്പരപ്പെടുത്തിയും മലയാളിക്ക് ആനന്ദിക്കാന്‍, അഭിമാനിക്കാന്‍, ചേര്‍ത്ത് പിടിക്കാന്‍ അഭിനയത്തിന്റെ എത്രയോ ഏടുകള്‍ സമ്മാനിച്ച താരമാണ് ഉര്‍വശി. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ ആ കഥാപാത്രത്തെ ഉർവശി തന്മയത്വത്തോടെ, മലയാളിത്തത്തോടെ അവതരിപ്പിക്കും. സിനിമ തീര്‍ന്നാലും മലയാളികളുടെ മനസ്സിലെ സ്ക്രീനിൽ ജീവിക്കുക തന്നെയായിരുന്നു ഉർവശിയുടെ കഥാപാത്രങ്ങൾ.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒരുപാട് മികച്ച സിനിമകളില്‍ ഉര്‍വശി ഭാഗമായിട്ടുണ്ട്. അതില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളായും മാറി. മോഹന്‍ലാല്‍-ഉര്‍വശി കൂട്ടുക്കെട്ടിലിറങ്ങിയ സിനിമകളിലൂടെ രണ്ട് അഭിനയപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഒരുപാട് രംഗങ്ങള്‍ ആരാധര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അഹം, മിഥുനം, ഭരതം, കളിപ്പാട്ടം, ലാല്‍സലാം, സുഖമോ ദേവി,സൂര്യഗായത്രി, വിഷ്ണുലോകം എന്നിങ്ങനെ സിനിമകള്‍ ഒരുപാടുണ്ട് ഈ കോമ്പോയില്‍.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഉര്‍വശി. സുഖമോ ദേവിയെന്ന സിനിമയാണ് മോഹന്‍ലാലിന്റെ സിനിമകളില്‍ തനിക്കേറെയിഷ്ടമുള്ളതെന്നും അതിന്റെ കാരണമെന്തെന്നും പറയുകയാണ് ഉര്‍വശി.
‘‘എനിക്ക് ലാലേട്ടന്റെ ‘സുഖമോ ദേവി’ വളരെയിഷ്ടമാണ്. കാരണം മോഹന്‍ലാലിനെപ്പോലെ പ്ലെസന്റായി നില്‍ക്കുന്ന ഒരു നടന്‍, പടത്തിന്റെ പകുതിയില്‍ മരിച്ചിട്ടും അത് നിലനിര്‍ത്താന്‍ ആ സ്ക്രിപ്റ്റിനും വേണുനാഗവള്ളിക്കും കഴിഞ്ഞു. വളരെ പെട്ടെന്ന് ഇടിവെട്ട് പോലെയാണ് ആ സീന്‍ പറയുന്നത്. ‘സണ്ണി മരിച്ചു പോയി കേട്ടോ’ എന്ന് പറഞ്ഞിട്ട് റോഡിലൊരു ആള്‍ക്കൂട്ടം അങ്ങ് പോകുകയാണ്. ഇത് കേട്ട് പ്രേക്ഷകര്‍ സ്തംഭിച്ചു പോകും. പക്ഷേ ഒരിക്കലും ലാലേട്ടന്റെ ഓര്‍മ്മകള്‍ നഷ്ടപ്പെടുത്താതെ അവസാനത്തെ ഫ്രെയിം വരെ സണ്ണി സണ്ണി എന്ന് വിളിച്ച് ജീവിക്കുകയാണ്. എവിടെയൊക്കെയോ പല ഷോട്ടുകളിലും ലാലേട്ടന്റെ ഓര്‍മ്മകള്‍ വരും. ലാലേട്ടന്റെ സിനിമകളില്‍ അതൊരു ബ്രില്ല്യന്റ് സിനിമയായിട്ടാ എനിക്ക് തോന്നുന്നത്...’’ ഉര്‍വശി പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലാല്‍സലാം, ഭരതം എന്നീ സിനിമകളെക്കുറിച്ചും ഉര്‍വശി സംസാരിക്കുന്നുണ്ട്. ഈ സിനിമകള്‍ക്കുള്ള പ്രത്യേകത എന്താണെന്ന് പറഞ്ഞാണ് തന്റെ ഇഷ്ടം ഉര്‍വശി പങ്കിടുന്നത്. ‘‘ഞാനും ലാലേട്ടനും ഒരുമിച്ചെത്തിയ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. ലാല്‍സലാമിനെക്കുറിച്ച് പറഞ്ഞാല്‍, മലയാളത്തിലെ ആദ്യത്തെ പഞ്ച് ഡയലോഗുകള്‍ ഉള്ള സിനിമ. അത് തുടങ്ങിയത് ലാല്‍സലാമാണ്. ‘കളി പഠിപ്പിക്കല്ലേ കണ്ണന്‍ മൊതലാളി...’ എന്നതടക്കം ഒരുപാട് നല്ല ഡയലോഗുകള്‍ ഉണ്ട് ആ സിനിമയില്‍.
‘ഭരത’ത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് വളരെ വ്യത്യസ്തമായ സിനിമയാണ്. കരയുന്ന നായികയെ ആശ്വസിപ്പിക്കുന്ന നായകനെയാണ് നമ്മള്‍ അതുവരെ കണ്ടിരുന്നത്. എന്നാല്‍ ‘ഭരത’ത്തില്‍ അത്രയും വലിയൊരു ദുരന്തം അത്ര വിദഗ്ധമായി മറയ്ക്കാന്‍ പ്രേരിപ്പിച്ച് ആശ്വസിപ്പിക്കുന്ന നായികയാണുള്ളത്. അതൊരു വിസ്മയം തന്നെയായിരുന്നു. അവിടെയാണ് സിബി മലയിലിനെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഒരു സംവിധായകന്റെയും ലോഹിതദാസിനെപ്പോലെയുള്ള തിരക്കഥാകൃത്തിന്റെയും ബ്രില്ല്യന്‍സ് കാണാന്‍ കഴിയുന്നത്. മോഹന്‍ലാലിനെപ്പോലെ ഇത് അക്സപ്റ്റ് ചെയ്യുന്ന ഒരു ഹീറോയും പ്രൊഡ്യൂസറും കൂടി വന്നപ്പോള്‍ സിനിമ വിസ്മയമായി...’’ ഉര്‍വശി പറയുന്നു. ഉര്‍വശിയുടെ ഈ അഭിമുഖം ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘അനുഭവങ്ങളുടെ ഓർമകളുടെ ഒരു കലവറയാണ് ഉര്‍വശി’ എന്നാണ് ചിലര്‍ കമന്റുകളിലൂടെ കുറിക്കുന്നത്.