-->
വിശാഖപട്ടണം: വനിതാലോകകപ്പില്‍ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോല്‍വി. തുടര്‍ച്ചയായ രണ്ടു ജയത്തിന് ശേഷം വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. വാലറ്റക്കാരി ഡീ ക്ലാര്‍ക്കിന്റെ പതറാതെയുള്ള പോരാട്ടവും വെടിക്കെട്ടും നായിക ലൗറാ വോള്‍വാര്‍ട്ടിന്റെ ഓപ്പണറായുള്ള പോരാട്ടവുമാണ് ജയം നല്‍കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 251 റണ്‍സ് ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കേ മറിടകന്നു. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ രണ്ടുപേര്‍ അര്‍ദ്ധശതകം നേടിയതായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ഇന്ത്യയ്ക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ റിച്ചാഘോഷ് സെഞ്ച്വറിക്ക് ആറു റണ്‍സിന് പിന്നില്‍ പുറത്തായപ്പോള്‍ മറുവശത്ത് നാദിന്‍ ഡീ ക്ലാര്‍ക്കിന്റെ 84 റണ്‍സിന്റെ വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയം കൊണ്ടുവന്നത്. ഓപ്പണര്‍ വോള്‍വാര്‍ട്ടിന്റെ 70 റണ്‍സും പേസ് ബൗളര്‍ കോള്‍ ട്രയോണിന്റെ 49 റണ്‍സും അവരുടെ ജയത്തിന് മുതല്‍ക്കൂട്ടായി.
എട്ടാമത് ബാറ്റ് ചെയ്യാനെത്തിയ ഡീക്ലാര്‍ക്ക് 54 പന്തില്‍ അഞ്ചു സിക്‌സറുകളും എട്ടു ബൗണ്ടറികളും പറത്തി 84 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ തകര്‍ന്നു. 66 പന്തില്‍ 49 റണ്‍സ് എടുത്ത് ബൗളര്‍ കോള്‍ ട്രയോണും 25 പന്തില്‍ 20 റണ്‍സുമായി മരിസാനേ കാപ്പും ടീമിനായി നിര്‍ണ്ണായ സ്‌കോര്‍ കണ്ടെത്തി. ക്രാന്തി ഗൗഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകും മുമ്പ് നായിക ലൗറാ വോള്‍വര്‍ട്ട് 111 പന്തില്‍ 70 റണ്‍സ് നേടി മുന്നില്‍ നിന്നും നയിച്ചു. എന്നാല്‍ അതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തകര്‍ച്ച നേരിട്ടു.
ടസ്മിന്‍ ബ്രിട്‌സിനെ നേരിട്ട നാലാമത്തെ പന്തില്‍ പുറത്താക്കി ഗൗഡ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ബ്രിട്ട് പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ചു റണ്‍സുമായി സുനേ ലസ് പിന്നാലെ അമന്‍ജ്യോത് കൗറിന്റെ പന്തില്‍ ഘോഷിന്റെ കൈകളില്‍ വീണു. 20 റണസ് നേടിയ കാപ്പിനെ സ്‌നേഹറാണേ കൂടി പുറത്താക്കുകയും അനേകാ ബോഷിനെ ദീപ്തിശര്‍മ്മ സ്വന്തം ബൗളിംഗില്‍ ഒരു റണ്‍സിന് പിടികൂടുകയും ചെയ്തു. 14 റണ്‍സ് എടുത്ത സിനാലോ ജോഫ്ത്തയെ റാണേ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയപ്രതീക്ഷ ഉയര്‍ത്തിയതാണ്.
ജോഫ്ത്ത പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 81 ന് അഞ്ച് എന്ന നിലയിലായിരുന്നു. എന്നാല്‍ അതിന് ശേഷം വന്ന കോള്‍ ട്രയോണും നാദിന്‍ ഡീ ക്ലാര്‍ക്കും ചേര്‍ന്ന് കളി ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിപ്പറിക്കുകയായിരുന്നു. ഒരു റണ്‍സിന് അര്‍ദ്ധശതകം നഷ്ടമായെങ്കിലും ട്രയോണ്‍ പതിയെ നിലയുറപ്പിച്ചപ്പോള്‍ നാദിന്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ക്രാന്തി ഗൗഡ് രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 59 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്ക്റ്റ് നേടിയ ദീപ്തി 54 റണ്‍സ് വഴങ്ങുകയും ചെയ്തു.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വാലറ്റത്ത് മികച്ച പ്രകടനം നടത്തിയ റിച്ചാഘോഷിന്റെ മികവില്‍ 251 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്ക അത് മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കേ മറികടന്നു. 77 പന്തുകളില്‍ നിന്നുമാണ് റിച്ചാഘോഷ് 94 റണ്‍സ് എടുത്തത്. 33 റണ്‍സുമായി സ്‌നേഹാറാണെയും ഒപ്പം നിന്നു. ഓപ്പണര്‍ പ്രതീകാ റാവല്‍ 37 റണ്‍സ് നേടിയപ്പോള്‍ സ്മൃതി മന്ദന 23 റണ്‍സിനും പറുത്തായി. ഹര്‍ലീന്‍ ഡിയോളും അന്‍ജ്യോത് കൗറും 13 റണ്‍സ് വീതം നേടി. നായിക ഹര്‍മന്‍പ്രീതിന് ഒമ്പത് റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.