Saturday, March 14, 2026 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 01.10 AM

ഇന്ത്യക്ക് ആദ്യ തോൽവി

uploads/news/2025/10/804816/S.-africa-W-cricket.jpg

വിശാഖപട്ടണം: ഐ.സി.സി. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തോല്‍വി. മൂന്നാം മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം റിച്ചാ ഘോഷിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യയ്ക്ക് 251 റണ്ണെന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു.

സമാനഅവസ്ഥയിലൂടെ കടന്നുപോയ ദക്ഷിണാഫ്രിക്കയെ 54 പന്തില്‍ അഞ്ചു സിക്‌സും എട്ടുഫോറും അടക്കം പുറത്താകാതെ 84 റണ്ണുമായി നാദിന്‍ ഡി ക്ലര്‍ക്ക് ലക്ഷ്യത്തിലെത്തിച്ചു. ഏഴു പന്ത് ബാക്കി നില്‍ക്കെ അമന്‍ജ്യോത് കൗറിനെ സിക്‌സറിനു പറത്തിയാണ് ക്ലര്‍ക്ക് ജയം കുറിച്ചത്. മൂന്നു കളി പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയം വീതമുള്ള ഇന്ത്യ മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്.

ഒരുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ അഞ്ചുവിക്കറ്റിന് 81 റണ്ണെന്ന നിലയില്‍ പതറി. പക്ഷേ, ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ദ്(70), ക്ളോയ് ട്രയോണ്‍ (49) എന്നിവര്‍ക്കൊപ്പം ക്ലര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ് ദക്ഷിണാഫ്രിക്കയെ കരകയറ്റി. ട്രയോണിനെ റിവ്യൂവിലൂടെ സ്‌നേഹ് റാണ മടക്കിയത് മത്സരം ആവേശകരമാക്കി. പക്ഷേ, കീഴടങ്ങാന്‍ തയാറാകാതിരുന്ന ക്ലര്‍ക്ക് വാലറ്റത്ത് അയബോംഗ ഖാക്കയെ കൂട്ടുപിടിച്ച് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഇരു ടീമിലെയും ടോപ്‌സ്‌കോറര്‍മാരായ റിച്ചയും ക്ലര്‍ക്കും എട്ടാമതായാണ് ക്രീസിലെത്തിയതെന്ന സവിശേഷതയുമുണ്ട്.

ആദ്യം ബാറ്റിങ്ങിനിറങ്ങി ആറുവിക്കറ്റിന് 102 റണ്ണെന്ന നിലയില്‍ പതറിയ ഇന്ത്യയെ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കരകയറ്റിയത്. 77 പന്തില്‍ 94 റണ്ണുമായി ഒന്‍പതാമതായാണ് റിച്ച പുറത്തായത്. നാലു സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
10.2 ഓവറില്‍ വിക്കറ്റ് പോകാതെ 55 റണ്ണെന്ന മികച്ച തുടക്കത്തിനുശേഷമാണ് ഇന്ത്യ തകര്‍ന്നത്. 32 പന്തില്‍ 23 റണ്ണടിച്ച സ്മൃതി മന്ഥാനയാണ് ആദ്യം മടങ്ങിയത്. വണ്‍ഡൗണായെത്തിയ ഹര്‍ലീന്‍ ദിയോളിനെ മന്ഥാനയെ മടക്കിയ നോണ്‍കുളുലേകോ മ്ലാബ കൂടാരം കയറ്റി. ഇതിനിടയില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണെന്ന നേട്ടം സ്വന്തമാക്കാനും മന്ഥാനയ്ക്കായി. 982 റണ്ണാണ് മന്ഥാനയുടെ അക്കൗണ്ടിലുള്ളത്.
നന്നായി കളിച്ചവന്ന മറ്റൊരു ഓപ്പണര്‍ പ്രതികാ റാവല്‍ 37 റണ്ണുമായി ബാറ്റ്താഴ്ത്തി. പിന്നാലെവന്നവര്‍ ഒന്നൊന്നായി മടങ്ങിയതോടെ ഇന്ത്യ 200 കടക്കില്ലെന്ന തോന്നലുളവാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (ഒന്‍പത്), ജെമീമ റോഡ്രിഗസ് (പൂജ്യം), ദീപ്തി ശര്‍മ (നാല്) എന്നിവരാണ് ഈഘട്ടത്തില്‍ പൊരുതാതെ വീണത്.

ആദ്യം അമന്‍ജ്യോത് കൗറി (44 പന്തില്‍ 13) നൊപ്പവും പിന്നീട് സ്‌നേഹ് റാണയ്‌ക്കൊപ്പവും റിച്ച കടന്നാക്രമണം നടത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു. ടീം സ്‌കോര്‍ 153-ല്‍ അമന്‍ജ്യോത് വീണെങ്കിലും സ്‌നേഹ് റാണയെ കൂട്ടുപിടിച്ച് റിച്ച അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചു.

48-ാം ഓവറിലെ അഞ്ചാം പന്തില്‍ സ്‌നേഹ് റാണ മടങ്ങി. അവസാന ഓവറിലെ നാലാം പന്തില്‍ ഒന്‍പതാമതായി റിച്ചയും തൊട്ടടുത്ത പന്തില്‍ ശ്രീചാരണിയും മടങ്ങിയതോടെ ഇന്ത്യ 49.5 ഓവറില്‍ 251 റണ്ണിന് എല്ലാവരും പുറത്തായി.

Ads by Google
Friday 10 Oct 2025 01.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW