-->
2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ഹൈവാന്‍’. അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൂടുതലും കൊച്ചിയിലായിരുന്നു. അക്ഷയ് കുമാര്‍ വില്ലനാണെന്നാണ് സൂചന നല്‍കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ ഓരോ അപ്ഡേഷനും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ഹൈവാന്റെ അവസാന ഷെഡ്യൂള്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് അക്ഷയ് കുമാര്‍. സിനിമയിലെ ഒരു രംഗത്തിന്റെ ചെറിയ വീഡിയോ പങ്കിട്ടാണ് അക്ഷയ് കുമാറിന്റെ പോസ്റ്റ്. ‘‘ഹൈവാൻ എന്ന സിനിമയുടെ അവസാന ഷെഡ്യൂൾ... എന്തൊരു യാത്രയായിരുന്നു അത്. ഈ കഥാപാത്രം എന്നെ പല തരത്തിൽ മുന്നോട്ട് നയിച്ചു, രൂപപ്പെടുത്തി, അത്ഭുതപ്പെടുത്തി. പ്രിയൻ സാറിനോട് എന്നേക്കും നന്ദി, നിങ്ങളുടെ സെറ്റുകൾ വീട് പോലെ തോന്നുന്നു. പിന്നെ സെയ്ഫ്, താങ്കളുടെ ചിരി, തന്ന കംഫര്‍ട്ടുകള്‍, സ്‌ക്രീനിലെ ആയാസരഹിതമായ നിമിഷങ്ങൾ എന്നിവയ്ക്ക് നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അക്ഷയ് കുമാറിന്റെ പോസ്റ്റ്.
17 വര്‍ഷങ്ങള്‍ക്കുശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ഹൈവാന്‍’ എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. ഇവര്‍ ഒരുമിച്ചെത്തിയ മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുള്ളതാണ്. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദനാ ദൻ, ഭൂൽ ഭുലയ്യ, ഖട്ടാ മീഠാ, ഭൂത് ബംഗ്ല എന്നിവയാണ് ഇതിനുമുൻപ് പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് ഒന്നിച്ച ചിത്രങ്ങള്‍. ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷനായി പറയപ്പെടുന്നതാണ് പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ കോമ്പോയിലെത്തിയ ചിത്രങ്ങള്‍.