-->
മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദർശൻ. തീയേറ്ററുകളിലും പിന്നീട് ഓരോ തവണ കാണുമ്പോഴും മടുപ്പ് വരാത്ത സിനിമകൾ സമ്മാനിച്ച പ്രിയദര്‍ശന്‍ പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് രസകരമായ ഹ്യൂമര്‍ രംഗങ്ങളും സംഭാഷങ്ങളും ഉള്‍പ്പെടുത്തി ഒരുപാട് ബ്ലോക്ക്ബസ്റ്ററുകള്‍ പ്രിയന്‍ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും പ്രിയന്‍ സിനിമകള്‍ തരംഗമായിരുന്നു. എന്റര്‍ടെയിനര്‍ ജോണറിലുള്ള സിനിമകള്‍ നല്‍കി പ്രിയദര്‍ശന്‍ ബോളിവുഡിന്റെയും പ്രിയപ്പെട്ട സംവിധായകനായി. ഇന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയനായ സംവിധായകനെന്ന പേര് പ്രിയദര്‍ശന്‍ തന്റെ സിനിമകളിലൂടെ നേടിയെടുത്തു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായതിന്റെ സന്തോഷം പങ്കിടുകയാണ് പ്രിയദര്‍ശന്‍. പനമ്പള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്പില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ‘‘കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകള്‍ ചേർന്ന് നിർമ്മിക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും അഭിനയിക്കുന്ന ‘ഹയ്‍വാൻ’ എന്ന ഹിന്ദി ചിത്രത്തിലൂടെ എന്റെ അടുത്ത യാത്ര ആരംഭിച്ചു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയദര്‍ശന്‍ ചിത്രത്തിന്റെ അപഡേഷന്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്റിനു താഴെ പലരും ആശംസ കമന്റുകള്‍ കുറിക്കുന്നുണ്ട്. ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നതടക്കമാണ് കമന്റുകള്‍.
മലയാള സിനിമാപ്രേക്ഷകര്‍ക്ക് റിപ്പീറ്റ് വാല്യൂവുള്ള എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ ബോളിവുഡ് സിനിമാപ്രേക്ഷകര്‍ക്കും ഒരുപാട് നര്‍മ്മരസമുള്ള ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ ഒട്ടേറെ ഫണ്‍ എന്‍റർടെയ്നറുകള്‍ ഒരുക്കിയ പ്രിയദര്‍ശന്റെ ഈ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ൻ ത്രില്ലറാണെന്നാണ് സൂചന.
ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ബോളിവുഡിന്റെ ബെസ്റ്റ് കോമ്പോ സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങള്‍ക്ക് ശേഷമാണ് ഈ സിനിമയില്‍ ഒരുമിച്ച് വീണ്ടുമെത്തുന്നത്. ‘തഷാൻ’ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. കൊച്ചിയില്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന് വാഗമണ്‍, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. ‘ഭൂത് ബംഗ്ല’യ്ക്ക് ശേഷമാണ് പ്രിയദർശൻ പുത്തന്‍ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. ‘ഭൂത് ബംഗ്ല’ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ‘അപ്പാത്ത’യാണ് പ്രിയദർശന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.