-->
കൊച്ചി: പുതീയ സീസണിന് മുന്നോടിയായി പോർച്ചുഗീസ് മുന്നേറ്റനിര താരം തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ വണിൽ നിന്നാണ് 29 കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
പോർച്ചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച ടിയാഗോയെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. പ്രധാനമായും ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്റർ ഫോർവേഡായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും തന്റെ മികവ് കളത്തിൽ തെളിയിച്ചിട്ടുണ്ട്.
പോർച്ചുഗലിന്റെ പ്രശസ്തമായ സ്പോർട്ടിംഗ് സിപി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബോൾ പഠനം ആരംഭിച്ചത്. വാർസിം എസ്.സിയിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, പോർച്ചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019 ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് അദ്ദേഹം പോർച്ചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചത് പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് അദ്ദേഹത്തിന് വഴി തുറന്നു.