-->
ന്യൂഡല്‍ഹി : ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം വിട്ട് ഫ്രാഞ്ചൈസി ടി20 മത്സരങ്ങളില്‍ കളിക്കുന്നതിനായി പാറ്റ് കമ്മിന്‍സിനും ട്രാവിസ് ഹെഡിനും ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാഗ്ദാനം ഇരുവരും നിരസിച്ചതായി ദ ഏജ് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ പ്രതിനിധീകരിച്ച് കളിക്കുന്നതിന് പ്രതിവര്‍ഷം 10 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 58.2 കോടി രൂപ) വാഗ്ദാനം ചെയ്ത് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഓസ്‌ട്രേലിയന്‍ താരങ്ങളെ അനൗപചാരികമായി സമീപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കമ്മിന്‍സും ഹെഡും ഇത് നിരസിച്ചു . ദേശീയ ടീമിനായി കളിക്കുന്നതിനാൽ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് സാധിക്കാറില്ല.
ഓസ്‌ട്രേലിയയുടെ മുന്‍നിര ടി20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഇത് കൂടുതല്‍ പ്രേരണ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കളിക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ മൂലധനം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയും രാജ്യത്തെ വിവിധ അസോസിയേഷനുകളും കളിക്കാരുടെ സംഘടനയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നതായും ഏജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തിനു മുമ്പ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. നിലവില്‍ പ്രതിവര്‍ഷം 8.74 കോടി രൂപയാണ് കമ്മിന്‍സിന് ഓസീസ് ക്രിക്കറ്റിൽ നിന്നും ലഭിക്കുന്നത്. ടീമിന്റെ മുന്‍നിര പേസറും ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനും കൂടിയായ കമ്മിന്‍സിന് ഇതടക്കമുള്ള സ്‌റ്റൈപ്പന്‍ഡുകളടക്കം പ്രതിവര്‍ഷം ഏകദേശം 17.48 കോടിയാണ് ലഭിക്കുക.ട്രാവിസ് ഹെഡിനെ 2025-ല്‍ 14 കോടിക്കാണ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയത്. ഏകദേശം പത്ത് കോടിയോളം രൂപയാണ് ഹെഡിന് ഓസീസ് ക്രിക്കറ്റിൽ നിന്നും ലഭിക്കുന്നത്.