-->
ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇന്ന് പലരും ശസ്ത്രക്രിയയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇതിനായി എത്ര ലക്ഷം വേണമെങ്കിലും ചിലവഴിക്കാന്‍ ആളുകള്‍ക്ക് മടിയില്ല. ഇപ്പോഴിതാ യുഎസ്സില്‍ നിന്നുള്ള ഒരു ഇന്‍ഫ്‌ലുവന്‍സര്‍ പറയുന്നത് താനും ബന്ധുക്കളും തങ്ങളുടെ സമ്മര്‍ വെക്കേഷന്‍ കോസ്‌മെറ്റിക് സര്‍ജറി ചെയ്യാന്‍ വേണ്ടിയുള്ള യാത്രയാക്കി മാറ്റി എന്നാണ്. കൊളംബിയയിലേക്കാണ് ഇവര്‍ വെക്കേഷന് പോയത്. കുടുംബത്തിലുള്ളവര്‍ ഓരോരുത്തരും വിവിധ തരത്തിലുള്ള കോസ്‌മെറ്റിക് സര്‍ജറികള്‍ ഈ യാത്രയില്‍ ചെയ്തുവെന്നും ഇത് അപൂര്‍വമായ ഒരു അനുഭവമാക്കി യാത്രയെ മാറ്റിയെന്നും ഇന്‍ഫ്‌ലുവന്‍സര്‍ പറയുന്നു.
27 വയസ്സുകാരിയായ വെറോണിക്ക എപിസ് എന്ന ഇന്‍ഫ്‌ലുവന്‍സറാണ് തന്റെ അനുഭവം ഒരു വീഡിയോയില്‍ ഷെയര്‍ ചെയ്തത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തന്റെ കുടുംബത്തില്‍ ആദ്യത്തെ സംഭവമല്ല എന്നും വെറോണിക്ക പറയുന്നുണ്ട്. തന്റെ അമ്മ കൊളംബിയയിലേക്ക് പോകുന്നതും സര്‍ജറി ചെയ്തിട്ട് വരുന്നതും താന്‍ കാണാറുണ്ടായിരുന്നു. അതുപോലെ തന്റെ ആന്റിയും കസിന്‍സും അമ്മയും മുത്തശ്ശിയും എല്ലാവരും കോസ്‌മെറ്റിക് സര്‍ജറി ചെയ്യാനായി പോകാറുണ്ടായിരുന്നു എന്നും അവള്‍ പറയുന്നു. വെറോണിക്കയുടെ അമ്മയായ 65 കാരി ഡമാരിസ് പോളിന്‍, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്നുണ്ട്. 'ഞങ്ങള്‍ക്ക് കൊളംബിയന്‍ പ്ലാസ്റ്റിക് സര്‍ജന്മാരെ ഇഷ്ടമാണ് അവരാണ് ശരിക്കും ഇക്കാര്യത്തില്‍ മികച്ചത്' എന്നാണ് പോളിന്‍ പറയുന്നത്.
വെറോണിക്കയുടെ അച്ഛന്‍ 72 കാരനായ വിന്‍സെന്റും ഇതുപോലെ സര്‍ജറി ചെയ്തിട്ടുണ്ട്. 63 കാരിയായ ആന്റി ലൂസ് വര്‍ഷങ്ങളായി ലിപെക്ടമി, ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സര്‍ജറികള്‍ നേരത്തെ ചെയ്തിരുന്നു. പക്ഷേ, പിന്നീടെല്ലാം പഴയതുപോലെയാക്കുകയായിരുന്നു. 2023 ലാണ് വെറോണിക്കയുടെ കുടുംബം ഒരുമിച്ച് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനായി പോകുന്നത്. 2024 ലും കുടുംബം ഇതുപോലെ കൊളംബിയയിലേക്ക് പോയി. 68 000 ഡോളറാണ് (60,33,980 രൂപ) അന്ന് അവര്‍ക്ക് കോസ്‌മെറ്റിക് സര്‍ജറിക്ക് ആകെ ചെലവായത്.