-->
ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരു കേട്ട വോള്‍വോയുടെ ഏറ്റവും വലിയ എസ്‌യുവിയായ XC90 മോഡല്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട താരം ചെമ്പന്‍ വിനോദ്. ഏകദേശം 96.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന വണ്ടിക്ക് കൊച്ചിയില്‍ 1.23 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുത്തന്‍ വാഹനത്തെ വീട്ടിലേക്ക് എത്തിക്കാന്‍ ചെമ്പന്‍ വിനോദിനൊപ്പം ഭാര്യ മറിയം തോമസും എത്തിയിരുന്നു. പുതിയ വോള്‍വോ എസ്യുവിക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് എസ്യുവിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് പുതിയ XC90 എസ്യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള്‍വീല്‍ ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp കരുത്തില്‍ പരമാവധി 360 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 7.7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ലക്ഷ്വറി എസ്യുവിക്കാവും. വോള്‍വോയുടെ ഫ്രീക്വന്‍സി സെലക്ടീവ് ഡാമ്പിംഗ് (FSD) സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിനായി എസ്യുവിയുടെ സസ്പെന്‍ഷന്‍ സജ്ജീകരണവും വോള്‍വോ പുതിയ മോഡലില്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്.
വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വോള്‍വോയുടെ ആഡംബര എസ്യുവിലുണ്ട്. മുമ്പുണ്ടായിരുന്ന മുന്‍വശത്തെ പാനലിന് പകരം ഇത്തവണ ആക്ടിവ് ഗ്രില്ലാണ് മുന്‍വശത്ത് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാല്‍ പുതിയ XC90 ഫെയ്സ്ലിഫ്റ്റിന്റെ അടിസ്ഥാന രൂപം മുമ്പത്തെപ്പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ ഡാഷ്ബോര്‍ഡില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ അധിക സ്റ്റോറേജ്‌സ്‌പേസ് സൃഷ്ടിക്കാനും ഒരു കപ്പ്‌ഹോള്‍ഡര്‍ കൊണ്ടുവരാനുമുള്ള മാറ്റങ്ങളും കാണാം. ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഹൈ ഫിഡിലിറ്റി ഓഡിയോ സിസ്റ്റത്തോടൊപ്പമാണ് XC90 ഫെയ്സ്ലിഫ്റ്റ് വിപണിയിലേക്ക് എത്തുന്നത്. എസ്യുവിയുടെ ബ്ലാക്ക് കളര്‍ ഓപ്ഷനാണ് ചെമ്പനും ഭാര്യയും തെരഞ്ഞെടുത്തിരിക്കുന്നത്.