Saturday, March 14, 2026 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 12.21 PM

പാകിസ്താന്‍ ജന്മനാട്, ഇന്ത്യ മാതൃഭൂമി ; ഭാരതീയ പൗരത്വം പരിഗണനയിലില്ലെന്ന് ഡാനിഷ് കനേരിയ

uploads/news/2025/10/804342/danish-kanaria.jpg

ഇന്ത്യന്‍ പൗരത്വം തേടാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്ഥാന്‍ അധികാരികളില്‍ നിന്നും ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും 'ആഴത്തിലുള്ള വിവേചനം' നേരിടുന്നുണ്ടെങ്കിലും, പാകിസ്ഥാന്‍ തന്റെ 'ജന്മഭൂമി' ആണെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് ക്രിക്കറ്റിലെ ഏകഹിന്ദുവാണ് മുന്‍ ലഗ് സ്പിന്നര്‍ കൂടിയായ ഡാനിഷ് കനേരിയ. അടുത്തിടെ ഇന്ത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഡാനിഷ് കനേരിയ പങ്കെടുത്ത സാഹചര്യത്തില്‍ കനേരിയ ഇന്ത്യന്‍ പൗരത്വം ലക്ഷ്യമിടുന്നതായി കമന്റുകള്‍ ഉയര്‍ന്നിരുന്നു.

'സമീപകാലത്ത്, ഞാന്‍ എന്തുകൊണ്ട് പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുന്നില്ല എന്ന് പലരും ചോദ്യം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഞാന്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ചിലര്‍ ചോദിച്ചു. ഇതെല്ലാം ഞാന്‍ ഭാരതീയ പൗരത്വത്തിനായി ചെയ്യുന്നതാണ് എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതും കാര്യങ്ങള്‍ നേരെയാക്കേണ്ടതും പ്രധാനമാണെന്ന് തനിക്ക് തോന്നുന്നതെന്നായിരുന്നു കനേരിയ എക്സില്‍ ഇട്ട ഒരു നീണ്ട പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.

2000 മുതല്‍ 2010 വരെ പാകിസ്ഥാനെ പ്രതിനിധീകരിച്ച കനേരിയ തന്റെ പൂര്‍വ്വികരുടെ നാടായ ഇന്ത്യ തന്റെ 'മാതൃഭൂമി' ആണെന്ന് നേരത്തേ പറഞ്ഞതാണ് വിവാദമായത്. 'പാകിസ്ഥാന്‍ എന്റെ ജന്മഭൂമിയായിരിക്കാം, പക്ഷേ എന്റെ പൂര്‍വ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി. എനിക്ക് ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവില്‍, ഭാരതീയ പൗരത്വം തേടാന്‍ എനിക്ക് പദ്ധതിയില്ല. ഭാവിയില്‍ എന്നെപ്പോലുള്ള ഒരാള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍, നമ്മളെപ്പോലുള്ള ആളുകള്‍ക്ക് സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമപ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് രാജ്യത്ത് പ്രവേശിച്ച ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടാനാകും. അടുത്തിടെ, സര്‍ക്കാര്‍ പ്രവേശനത്തിനുള്ള കട്ട്-ഓഫ് തീയതി 2024 ഡിസംബര്‍ 31 ആയി നീട്ടി. പാകിസ്ഥാന്‍ വംശജനായ ഗായകനും സംഗീതസംവിധായകനുമായ അദ്നാന്‍ സാമിക്ക് 2016 ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഈ വര്‍ഷം പത്മശ്രീയും ലഭിച്ചിരുന്നു. അടുത്തിടെ നൂറാം വാര്‍ഷികം ആഘോഷിച്ച ആര്‍എസ്എസിനെ ഡാനിഷ് കനേരിയ പ്രശംസിച്ചിരുന്നു.

ടെസ്റ്റില്‍ 261 വിക്കറ്റുകള്‍ നേടിയിട്ടുള്ള 44 കാരനായ കനേരിയ പക്ഷേ ഇന്ത്യന്‍ പൗരത്വത്തിനായുള്ള ആഗ്രഹം മുന്‍നിര്‍ത്തിയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതെന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞു. 'എന്റെ വാക്കുകളോ പ്രവൃത്തികളോ പൗരത്വത്തിനായുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്നത് പൂര്‍ണ്ണമായും തെറ്റാണ്. ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുന്നതും നമ്മുടെ ധാര്‍മ്മികതയെ തകര്‍ക്കുകയും നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദേശവിരുദ്ധരെയും കപട മതേതരവാദികളെയും തുറന്നുകാട്ടുന്നതും ഞാന്‍ തുടരും.'' 'ജയ് ശ്രീ റാം' എന്ന പരാമര്‍ശത്തോടെ തന്റെ പോസ്റ്റ് കനേരിയ അവസാനിപ്പിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW