-->
സമൂഹമാധ്യമത്തില്‍ ഏറെ ആരാധകരുളളയാളാണ് ഇച്ചാപ്പി എന്നറിയപ്പെടുന്ന ശ്രീലക്ഷ്മി. തന്റെ യൂട്യൂബ് ചാനലിലൂടെ ഇച്ചാപ്പി പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം ശ്രദ്ധ നേടാറുണ്ട്. പരിമിതമായ ജീവിതസാഹചര്യങ്ങളെ മറികടന്ന് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച ശ്രീലക്ഷ്മിയുടെ ഓരോ വളര്‍ച്ചയും സോഷ്യല്‍ മീഡിയ കണ്ടതാണ്.
ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം പങ്കുവെയ്ക്കുകയാണ് ഇച്ചാപ്പി. ഇരുള്‍ മൂടിയ തന്റെ ജീവിതത്തില്‍ വെളിച്ചം പകരാനെത്തിയ വലിയ നക്ഷത്രം എന്ന് വിശേഷിപ്പിച്ച് തന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്ന ആളെയാണ് ഇച്ചാപ്പി പരിചയപ്പെടുത്തിയത്. സൗരവ് എന്നാണ് ശ്രീലക്ഷ്മിയുടെ ഭാവിവരന്റെ പേര്. തന്റെയും സൗരവിന്റെയും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഒപ്പം മനോഹരമായ ഒരു കുറിപ്പും ഉണ്ട്.
' ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഒരാളെ പരിചപ്പെടുത്താന്‍ പോവുകയാണ്. എപ്പഴോ ഇരുള്‍ മൂടിയ എന്റെ ജീവിത്തില്‍ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം. അതെന്നെ ഇരുട്ടില്‍ നിന്നും മോചിപ്പിച്ചു...എന്റെ സ്വപ്നങ്ങളിലേക്ക് വീണ്ടും പറന്നുയരുവാനായി എനിക്ക് കരുത്തുറ്റ ചിറകുകള്‍ നല്‍കി. ഞാന്‍ കണ്ട കിനാക്കളൊക്കെ യാഥാര്‍ഥ്യമാക്കാന്‍ എന്നോട് കൂടെ നിന്നു.എനിക്കത് ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ സ്‌നേഹവും സംരക്ഷണവും നല്‍കി. അതെനിക്ക് നല്‍കുന്ന അളവുറ്റ സ്‌നേഹവും കരുതലും കാണുമ്പോള്‍ ഇത്രയും മനോഹരമായ ഹൃദയമുള്ള മനുഷ്യരുണ്ടോ...? അല്ലെങ്കില്‍ അതൊരു മനുഷ്യന്‍ തന്നെയാണോയെന്ന് ഞാന്‍ വിസ്മയിച്ചു. അതേ...അത് മനുഷ്യന്‍ തന്നെയാണ്...നന്മ നിറഞ്ഞതും കളങ്കമില്ലാത്തതുമായ ഒരു ഹൃദയത്തിനുടമ. ഇന്ന് ആ ഒരാള്‍ ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്...അതാണ് എന്റെ അപ്പു സൗരവ് കെ. ഇനി അങ്ങോട്ട് ഞങ്ങള്‍ ഒരുമിച്ചായിരിക്കും... അപ്പു മാത്രമല്ല, എനിക്ക് ഒരു അമ്മയേം പപ്പയേം കൂടി കിട്ടി. ഒരു കുഞ്ഞനിയനേം...നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ സ്വന്തം ഇച്ചാപ്പി'. നിരവധി പേരാണ് ശ്രീലക്ഷ്മി പങ്കുവെച്ച പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് എത്തുന്നത്.