Monday, March 16, 2026 Last Updated 23 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 11.57 AM

മനുഷ്യന്റെ തലയോട്ടിയെക്കാള്‍ വലുപ്പം, സ്ത്രീയുടെ അരക്കെട്ടിന്റെ രൂപം: ഇന്ത്യന്‍ തീരത്തടിഞ്ഞ ആ അത്ഭുത വിത്തിന്റെ കഥ ഇങ്ങനെ

coco-de-mer, seed, mystery

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തീരത്ത് സ്ത്രീയുടെ അരക്കെട്ടിന്റെ രൂപമുള്ള, ഒരു മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലുപ്പമുള്ള ഒരു വിത്തടിഞ്ഞു. ഇതെവിടെ നിന്നാണ് വരുന്നത്? ആര്‍ക്കും അറിയില്ലായിരുന്നു. കടലിന്റെ ആഴങ്ങളില്‍, തിരമാലകള്‍ക്കു താഴെയുള്ള ഏതോ നിഗൂഢ വനത്തില്‍ വളരുന്ന മരത്തിന്റെ ഫലങ്ങളാണിവ എന്ന് മനുഷ്യര്‍ വിശ്വസിച്ചു. രാജാക്കന്മാര്‍ ഈ വിത്തുകള്‍ക്ക് പൊന്നുംവില കല്‍പ്പിച്ചു. ഇതിന് അത്ഭുതസിദ്ധികളുണ്ടെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. കടല്‍ത്തമ്പുരാന്റെ സമ്മാനമെന്ന് കരുതിയ ഈ വിത്തിന്റെ കഥ ഇങ്ങനെയായിരുന്നു.

കൊക്കോ ഡി മര്‍ അഥവാ കടലിലെ തേങ്ങ എന്നറിയപ്പെട്ട ഈ വിത്തിനെ ചുറ്റിപ്പറ്റി എണ്ണമറ്റ കഥകളാണ് മെനയപ്പെട്ടത്. മാലിദ്വീപിലെയും ഇന്ത്യയിലെയും ശ്രീലങ്കയിലെയും. തീരങ്ങളില്‍ ഇവ അടിഞ്ഞപ്പോള്‍, ഇതിന്റെ ഉറവിടം ഒരു കടലിനടിയിലെ സസ്യലോകമാണെന്ന് പലരും ഉറപ്പിച്ചു. ഈ വിത്ത് കൈവശം വെക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും രോഗങ്ങളെ അകറ്റുമെന്നും ഏത് മാരകവിഷത്തെയും നിര്‍വീര്യമാക്കുമെന്നും വരെ ആളുകള്‍ വിശ്വസിച്ചു.

അതിന്റെ അസാധാരണമായ രൂപം കാരണം അതിനെ പ്രത്യുല്‍പാദനക്ഷമതയുടെ പ്രതീകമായി ലോകം കണ്ടു. യൂറോപ്പിലെ പ്രഭുക്കന്മാരും ചക്രവര്‍ത്തിമാരും ഈ അത്ഭുത വിത്ത് സ്വന്തമാക്കാന്‍ വന്‍ സമ്പത്ത് വാഗ്ദാനം ചെയ്തു. ഒരു വിത്തിന് പകരമായി ഒരു കോട്ട തന്നെ നല്‍കാന്‍ ആളുകള്‍ തയ്യാറായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ 1768ല്‍ ആ വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. ഫ്രഞ്ച് പര്യവേക്ഷകനായ മാര്‍ക്ക്‌ജോസഫ് മാരിയോണ്‍ ഡു ഫ്രെസ്‌നെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെയ്‌ഷെല്‍സ് ദ്വീപസമൂഹത്തില്‍പ്പെട്ട പ്രസ്ലിന്‍, ക്യൂറിയസ് എന്നീ രണ്ട് കൊച്ചു ദ്വീപുകളില്‍ ഈ വിത്തുകളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തി.

അത് കടലിനടിയിലെ ഒരു മരമായിരുന്നില്ല, മറിച്ച് കരയില്‍ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഭീമാകാരന്‍ പനയായിരുന്നു. ലൊഡോയ്‌സിയ മാല്‍ഡിവിക എന്നായിരുന്നു ഗവേഷകര്‍ ആ പനയ്ക്ക് നല്‍കിയ ശാസ്ത്രീയനാമം. അതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടലിനടിയിലെ വൃക്ഷം എന്ന ഐതിഹ്യം അവസാനിച്ചു. ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ വിത്താണ് കൊക്കോ ഡി മറിന്റേത്.

പൂര്‍ണവളര്‍ച്ചയെത്തിയ ഒന്നിന് 25 കിലോഗ്രാം വരെ ഭാരവും അര മീറ്ററോളം നീളവും ഉണ്ടാകാം. രണ്ട് തേങ്ങകള്‍ ചേര്‍ത്തുവെച്ചതുപോലെയുള്ള സവിശേഷമായ രൂപമാണ് ഇതിന് ഇരട്ടത്തേങ്ങ എന്ന പേര് നേടിക്കൊടുത്തത്. ഈ പനകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ പതിറ്റാണ്ടുകള്‍ എടുക്കും. ഒരു ഫലം പാകമാകാന്‍ മാത്രം ആറേഴു വര്‍ഷം വരെ വേണം. ആ ഫലത്തിനുള്ളിലെ വിത്ത് മുളയ്ക്കാന്‍ പിന്നേയും രണ്ട് വര്‍ഷത്തോളം കാത്തിരിക്കണം. അപ്പോള്‍ പിന്നെങ്ങനെയാണ് ഈ ഭീമന്‍ വിത്തുകള്‍ സെയ്‌ഷെല്‍സില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള തീരങ്ങളില്‍ എത്തിയിരുന്നത്? ആ രഹസ്യവും ഗവേഷകര്‍ കണ്ടെത്തി.

പൂര്‍ണവളര്‍ച്ചയെത്തിയ ഫലത്തിന് വെള്ളത്തില്‍ മുങ്ങിപ്പോകുന്നത്ര ഭാരമുണ്ട്. എന്നാല്‍ കാലക്രമേണ ഫലത്തിന്റെ പുറംചട്ട അഴുകിപ്പോവുകയും വിത്തിന്റെ ഉള്ളം പൊള്ളയാവുകയും ചെയ്യുമ്പോള്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ തുടങ്ങും. പിന്നീട് സമുദ്രജലപ്രവാഹങ്ങള്‍ അതിനെ ദൂരതീരങ്ങളിലേക്ക് മാസങ്ങളോളം യാത്ര ചെയ്ത് എത്തിക്കുന്നു. ഇതായിരുന്നു നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ആ രഹസ്യത്തിന്റെ ശാസ്ത്രീയമായ ഉത്തരം.
.

Ads by Google
Monday 06 Oct 2025 11.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW